shootiumf

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന്റെ കേന്ദ്രമായ കൊച്ചിയിൽ സർക്കാർ 50 കോടി രൂപ മുതൽ മുടക്കിൽ പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കും. കടവന്ത്രയിൽ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിട്ടി 30 വർഷം പാട്ടത്തിന് നൽകുന്ന 35 സെന്റ് ഭൂമിയിലാണ് 50 കോടി രൂപയുടെ പദ്ധതി കെ.എസ്.എഫ്.ഡി.സി നടപ്പിലാക്കുക. കെ.എസ്.എഫ്.ഡി.സിയുടെ സിനിമാ പഠനകേന്ദ്രവും അവിടെ തുറക്കും.

‌‌ആധുനിക സംവിധാനങ്ങളുള്ള ഡബ്ബിംഗ്,​ എഡിറ്റിംഗ്, റെക്കാഡിംഗ് സ്റ്റുഡിയോകൾ,​ സിനിമാ ചിത്രീകരണത്തിനു വേണ്ട സൗകര്യങ്ങൾ എന്നിവ ഒരുക്കുന്ന വിശാലമായ പ്രൊഡക്ഷൻ ഹൗസാണ് ലക്ഷ്യമിടുന്നത്. സിനിമാ വിദ്യാർത്ഥികൾക്കും സാങ്കേതിക പ്രവർത്തകർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന വിധത്തിലായിരിക്കും പഠനകേന്ദ്രമെന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ പറഞ്ഞു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകരുടെ സേവനവും ഇതിനായി ഉറപ്പാക്കും. അഞ്ച് നിലകളുള്ള കെട്ടിടം നിർമ്മിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്.

ഇതിനോടൊപ്പം കാക്കനാട് മൂന്നു ആധുനിക തിയേറ്ററുകൾ കെ.എസ്.എഫ്.ഡി.സി നിർമ്മിക്കും. സംസ്ഥാനത്താകെ തിയേറ്ററുകൾ നിർമ്മിക്കുന്ന 100 കോടി രൂപ മുതൽമുടക്കുള്ള കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. 80 സെന്റ് സ്ഥലം കൊച്ചിൻ ഡെവലപ്മെന്റ് കോർപ്പറേഷൻ ഇതിനായി വിട്ടുനൽകി.

'കൊച്ചിയിൽ തന്നെ സിനിമയുടെ മുഴുവൻ ജോലികളും ചെയ്യാൻ താത്പര്യപ്പെടുന്നവർക്കായാണ് കടവന്ത്രയിൽ ചിത്രാഞ്ജലിയുടെ മറ്റൊരു യൂണിറ്റ് ആരംഭിക്കുന്നത്''.

- മായാ അനിൽകുമാർ,​ എം.ഡി,​ കെ.എസ്.എഫ്.ഡി.സി

 ചിത്രാഞ്ജലിയിൽ

തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.
പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആദ്യഘട്ട നവീകരണത്തിന് 63.6 കോടി രൂപയാണ് ചെലവ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 150 കോടി മുതൽമുടക്കിലാണ് ആകെ നവീകരണങ്ങൾ നടക്കുക. ഏഴ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.