മുടപുരം: കുടിവെള്ളം കടന്നുപോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയ വിവരം വാട്ടർ അതോറിട്ടി അധികൃതരെ അറിയിച്ച് നാലു ദിവസം കഴിഞ്ഞിട്ടും ശരിയാക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ചെയ്ത ഒറ്റയാൾ പ്രതിഷേധ സമരം ഫലം കണ്ടു. അഴൂർ ഗ്രാമ പഞ്ചായത്ത് 8ാം വാർഡിൽ അഴൂർ -മുട്ടപ്പലം റോഡിൽ മുട്ടപ്പലം എൻ.എസ്.എസ് കരയോഗം ഓഫീസിനു സമീപം റോഡിനടിയിൽ കൂടി കടന്നുപോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ് ആണ് ചൊവ്വാഴ്ച പൊട്ടി വെള്ളം പാഴായി റോഡിലൂടെ ഒഴുകുന്നത്. ഈ വിവരം അന്നുതന്നെ അതോറിട്ടി അധികൃതരെ വാർഡ് മെമ്പർ എസ്.വി. അനിലാൽ അറിയിക്കുകയും ഉടൻ ശരിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നാലു ദിവസം കഴിഞ്ഞിട്ടും ശരിയാക്കാത്തതിൽ പ്രതിഷേധിച്ച് എസ്.വി. അനിലാൽ ഇന്നലെ രാവിലെ 11 ന് ആറ്റിങ്ങൽ വാട്ടർഅതോറിട്ടി ഓഫീസിനു മുന്നിൽ പ്ലകാർഡുമേന്തി ഒറ്റയാൾ സമരം നടത്തി. സമരത്തെ തുടർന്ന് വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു ഇടപെടുകയും ഉച്ചയോടെ പൊട്ടിയ പൈപ്പ് ശരിയാക്കുകയും ചെയ്തു.