വക്കം: വക്കം പുളിവിളാകം ഗവൺമെന്റ് ലോവർ പ്രൈമറി ബേസിക്ക് സ്കൂളിൽ ഈ അദ്ധ്യായന വർഷം അദ്ധ്യാപകരില്ല. സ്കൂളിൽ പ്രഥമാ അദ്ധ്യാപകൻ അടക്കം നാലു അദ്ധ്യാപകർ വേണ്ടയിടത്ത് നിലവിൽ ഒരാൾ മാത്രമാണുള്ളത്. പ്രഥമാദ്ധ്യാപകനും നിലവിലില്ല. മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ക്ലാസുകൾ ഒരുക്കേണ്ട സമയത്താണ് ഇവിടെ പ്രധാന അദ്ധ്യാപകൻ അടക്കമുള്ളവരുടെ ഒഴിവ് വന്നിരിക്കുന്നത്.
12O വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശിയുടെ കെട്ടിടങ്ങളും ശോചനീയാവസ്ഥയിലാണ്. ഒരു സമയത്ത് സ്കൂൾ അടച്ച് പൂട്ടുമെന്ന പ്രചാരണവുമുണ്ടായിരുന്നു. ഷീറ്റ് മേഞ്ഞ പ്രധാന കെട്ടിടം അപകട നിലയിലാണ്. സി.പി.എം വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന്റെ നേതൃത്വത്തിൽ പി.ടി.എ പ്രസിഡന്റ് സൂര്യ വിനോദ്, വികസന കമ്മിറ്റി ചെയർപേഴ്സൻ ഷീല, എസ്.എം.സി ചെയർപേഴ്സൻ വിജില സാജൻ, ജി. ബിനു എന്നിവർ ചേർന്ന് മന്ത്രി വി. ശിവൻകുട്ടിക്കും എം.എൽ.എ ഒ.എസ്. അംബികയ്ക്കും നിവേദനം നൽകി.