sandya

തിരുവനന്തപുരം: ഡോ.ബി. സന്ധ്യ കേരള പൊലീസ് മേധാവിയാവുന്ന ആദ്യ വനിതയാകുമോ? അടുത്ത മന്ത്രിസഭായോഗത്തിൽ സന്ധ്യയ്‌ക്ക് അനുകൂലമായ തീരുമാനമുണ്ടായാൽ അത് ചരിത്രമാകും.

നിലവിൽ ഫയർഫോഴ്സ് മേധാവിയായ സന്ധ്യയ്‌ക്ക് പുറമെ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ, റോഡ്സുരക്ഷാ കമ്മിഷണർ അനിൽകാന്ത് എന്നിവരെയും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എ.ഡി.ജിപിയായ സന്ധ്യയ്‌ക്ക് 30ന് ലോക്‌നാഥ് ബെഹ്റ വിരമിക്കുന്നതോടെ ഡി.ജി.പി റാങ്ക് ലഭിക്കും. ഇതിന് മുമ്പ് ഡി.ജി.പി റാങ്ക് ലഭിച്ച ഏകവനിത ആർ. ശ്രീലേഖയാണ്.

ഒന്നാം പിണറായി സർക്കാർ പൊലീസിൽ ആദ്യം നടത്തിയ നിയമനം സന്ധ്യയെ ദക്ഷിണമേഖലാ എ.ഡി.ജി.പിയാക്കിയതായിരുന്നു. കോളിളക്കമുണ്ടാക്കിയ ജിഷ കേസിലെ പ്രതിയെ പിടികൂടി സന്ധ്യ കഴിവു കാട്ടി. പിന്നീട് സ്ഥലം മാറ്റപ്പെട്ട സന്ധ്യയ്ക്ക് ക്രമസമാധാന ചുമതലകൾ നൽകിയിട്ടില്ല. ഏറെക്കാലം പൊലീസിന്റെ സ്ത്രീസുരക്ഷാ പദ്ധതികളുടെ നടത്തിപ്പ് സന്ധ്യയ്‌ക്കായിരുന്നു. സ്ത്രീസുരക്ഷയെക്കുറിച്ച് ഗുരുതര ചോദ്യങ്ങളുയരുന്ന സാഹചര്യത്തിൽ പൊലീസിന്റെ തലപ്പത്ത് വനിതയെ പരിഗണിക്കാൻ സാദ്ധ്യത ഏറെയാണ്.

യു.പി.എസ്.സി സർക്കാരിന് കൈമാറിയ ചുരുക്കപ്പട്ടികയിൽ ഒന്നാമത് സുധേഷ്‌ കുമാറാണ്. വിജിലൻസ് ഡയറക്ടറുടെ സുപ്രധാന തസ്തികയിലുള്ള അദ്ദേഹം പൊലീസ് മേധാവിയുടെ കസേരയിലും എത്തിയേക്കാം. ക്യാമ്പ് ഫോളോവർമാരെ ദാസ്യപ്പണിയെടുപ്പിച്ചതും മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസും ചൂണ്ടിക്കാട്ടി

സുധേഷിനെതിരെ പൊലീസ് സംഘടനകൾ രംഗത്തെന്നുണ്ട്.

ഉന്നതഉദ്യോഗസ്ഥരുടെ പിന്തുണ അനിൽകാന്തിനാണ്. കഴിഞ്ഞ സർക്കാർ അദ്ദേഹത്തെ വിജിലൻസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഫയർഫോഴ്സ്, ജയിൽ മേധാവി സ്ഥാനങ്ങളിൽ നിയമിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിനാൽ പലവട്ടം മാറ്റിയതാണ് പോരായ്‌മ. എ.എസ്.പി ആയിരിക്കെ ഗുരുതര ആരോപണത്തിൽ സസ്പെൻഷനിലായതും അനിൽകാന്തിന് തിരിച്ചടിയാണ്.

കാലാവധി ഇങ്ങനെ

## സുധേഷിന് 2022 ഒക്ടോബർ വരെ. സന്ധ്യയ്‌ക്ക് 2023 മേയ് വരെ. അനിൽകാന്തിന് അടുത്ത ജനുവരി വരെ.

## രണ്ടു വർഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും വിരമിക്കുന്നവർക്ക് ബാധകമല്ല. അല്ലെങ്കിൽ രണ്ടുവർഷം കാലാവധി നിയമന ഉത്തരവിലുണ്ടാവണം.

രണ്ട് നടപടികൾ

@ യു.പി.എസ്.സി പാനലിൽ നിന്ന് 30നകം പൊലീസ് മേധാവിയെ മന്ത്രിസഭായോഗം തീരുമാനിക്കണം

@ ചീഫ്സെക്രട്ടറി ഉത്തരവിറക്കണം.