തിരുവനന്തപുരം: വി.കെ. പ്രശാന്ത് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 35.5 ലക്ഷം രൂപ ചെലവഴിച്ച് പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സജ്ജമാക്കിയ സയൻസ് ലാബും സ്‌കൂൾ വെബ്സൈറ്റും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിഭാഗത്തിനാവശ്യമായ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളാണ് ഉദ്ഘാടനം ചെയ്തത്. പദ്ധതി അടങ്കൽ തുകയിൽ ബാക്കി വന്ന നാല് ലക്ഷം രൂപ വിനിയോഗിച്ച് കമ്പ്യൂട്ടർ ലാബിലേക്കാവശ്യമായ കമ്പ്യൂട്ടറുകൾ വാങ്ങും. എൽ.ഐ.സി എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയും എൽ.ഐ.സി ജീവനക്കാരും സമാഹരിച്ച സ്മാർട്ട് ഫോണുകളും ചടങ്ങിൽ കൈമാറി. സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരണം മേയർ ആര്യാരാജേന്ദ്രൻ നിർവഹിച്ചു. വി.കെ. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ നടന്നയോഗത്തിൽ നഗരസഭ വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.കെ.എസ്. റീന, സ്‌കൂൾ പ്രിൻസിപ്പൽ അനിത കുമാരി, ഹെഡ്മിസ്ട്രസ് നസീമാ ബീവി, കോർപ്പറേഷൻ എൻജിനിയർ റാണി. ജി.എം, പി.ടി.എ പ്രസിഡന്റ് അജിത് കുമാർ, ജനറൽ സ്റ്റാഫ് സെക്രട്ടറി രതി എസ്.നായർ എന്നിവർ സംസാരിച്ചു.