നാഗർകോവിൽ: കന്യാകുമാരിയിൽ കഞ്ചാവ് മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടുപേർ കുത്തേറ്റ് മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കന്യാകുമാരി സുനാമി കോളനി സ്വദേശി ജെശുരാജ് (24),നാഗർകോവിൽ കടയവിള സ്വദേശി സെൽവൻ (24) എന്നിവരാണ് മരിച്ചത്. കന്യാകുമാരി, ചിന്നമുട്ടം സ്വദേശി ജെനീഷാണ് (27) പരിക്കേറ്റ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.പൊലീസ് പറയുന്നത്: കന്യാകുമാരി നാലുവരിപ്പാതയിലെ മുരുകൻക്കുന്ന് എന്ന സ്ഥലത്ത് റോഡരികിൽ കുത്തേറ്റ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ കന്യാകുമാരി ഡി.എസ്.പി ഭാസ്കരന്റെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ഇതേ തുടർന്ന് മൃതദേഹം കിടന്നതിന് 200 മീറ്റർ അകലെ നിന്ന് മറ്റൊരു യുവാവിന്റെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ജെശുരാജ്, സെൽവൻ എന്നിവരാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ ആശാരിപ്പള്ളം ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുത്തേറ്റ് ജെനീഷ് ചികിത്സയിലുള്ള വിവരം പൊലീസ് അറിയുന്നത്. ഉടൻതന്നെ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് മദ്യക്കുപ്പികളും ലഭിച്ചിരുന്നു.ജെശുരാജിന്റെ പേരിൽ കഞ്ചാവ് കടത്തിന് കേസുണ്ട്. ചിന്നമുട്ടം സഹായം കൊലക്കേസിലെ പ്രതിയായ ജനീഷിനും കഞ്ചാവ് മാഫിയകളുമായി ബന്ധമുണ്ട്. ജനീഷ് കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് പാളയംകോട്ട ജയിലിൽ നിന്ന് ഇറങ്ങിയത്. ഇവർ തമ്മിലുള്ള തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള ജെനീഷിന് ബോധം തെളിഞ്ഞാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നാണ് പൊലീസിന്റെ നിഗമനം.