കളമശേരി: ചരിത്ര താളുകളിലിടം പിടിച്ച ഏലൂർ മൂപ്പൻ കുടുംബത്തിന്റെ കഥ സൊല്ലട്ടുമാ. വെട്ടത്തു രാജാവ് കല്പിച്ച് നൽകിയ സ്ഥാനപേരാണ് മൂപ്പൻ. ഒറിജിനൽ തറവാട് അങ്ങ് കൽപകഞ്ചേരിയാണ്. വില്യം ലോഗന്റെ മലബാർ മാന്വലിലും 1904ൽ ദിവാൻ ബഹാദൂർ ഗോപാലൻ നായരുടെ മലയാളത്തിലെ മാപ്പിളമാർ എന്ന പുസ്തക താളുകളിലും രേഖപെടുത്തിയിട്ടുണ്ട്
പെരിയാറിന്റെ തീരത്ത് മഹാരാജാവ് ദാനമായി നൽകിയ ഏലൂരെന്ന ഗ്രാമത്തിൽ എത്തിയ മൂപ്പൻ കുടുംബം . ഇന്നും നിലനിൽക്കുന്നുണ്ട് അകായിൽ തറവാട്. ഏലൂരിലെ 2000 ഏക്കറോളം ഭൂമി മൂപ്പൻ കുടുംബത്തിന്റെയായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്ടിനും ,ഐ.ആർ.ഇ യ്ക്കും, വായനശാലക്കും ,റോഡുകൾക്കും മറ്റുമായി ഏറെ സ്ഥലങ്ങൾ വിട്ടുകൊടുത്തു. തറവാടിനോട് ചേർന്ന് പള്ളി പണിയുകയും നാലു തലമുറയിലെ 7 പേരെ പള്ളിക്കകത്ത് കബറടക്കം ചെയ്തത് അപൂർവ്വ സംഭവം. പിന്നീടുള്ള സംസ്കാരങ്ങൾ പള്ളിക്ക് പുറത്താണ്.
ഏലൂരിലെ ആദ്യ ഇരുനില മാളിക
എ.ഡി. 1800 ന്റെ തുടക്കത്തിൽ മൂപ്പൻമാർ ഏലൂരെത്തിയെന്നാണ് പറയപ്പെടുന്നത്. ആദ്യ ഇരുനില മാളികയാണ്. തേക്കും ഈട്ടിയും ചേർന്ന ചുവരുകൾ, തൂണുകൾ , പടിപ്പുര, വിശാലമായ ഹാൾ പ്രൗഢിയും പ്രതാപവും നിറഞ്ഞ തറവാട്. പുതുതലമുറ പകുതിയോളം പൊളിച്ച്മാറ്റി പുനർനിർമ്മാണം നടത്തി.
മൂപ്പന്റെ പൂർവ്വികർ
മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലും ഇപ്പോൾ തിരൂർ താലൂക്കിലും പെട്ട മേൽമുറി അച്ചിപ്ര വാധ്യാർ മനക്കലെ സഹോദരന്മാരായ അക്കി രാമൻ നമ്പൂതിരിയും വിഷ്ണു നമ്പൂതിരിയും പെരിന്തൽമണ്ണ താലൂക്കിലെ മുള്ളിയാകുറുശ്ശി തറവാട്ടിലെ ജാനകി, കുഞ്ഞുലക്ഷ്മി സഹോദരിമാരെ വിവാഹം ചെയ്യുകയും പത്തായക്കല്ല് എന്ന സ്ഥലത്ത് മണ്ടായപ്പുറം എന്ന പേരിൽ വീടുണ്ടാക്കി പാർപ്പിച്ചു. ഇവർക്കു പിറന്ന ഗോവിന്ദമേനോനും ,കൃഷ്ണമേനോനും രാജസദസിലെ പ്രധാനികളായിരുന്നു. ഇവർ മതം മാറി മുഹമ്മദ് മൂപ്പനും മൊയ്ദീൻ മൂപ്പനുമായി. ഫ്യൂഡൽ പ്രഭുക്കന്മാരായിരുന്ന മൂപ്പന്മാർ പല വഴികളിലായി പിരിഞ്ഞുവെങ്കിലും വൈവാഹിക ബന്ധങ്ങളിലൂടെ തലമുറകൾ ഏലൂർ-കൽപകഞ്ചേരി-ചെമ്പ്ര ബന്ധം കാത്തുസൂക്ഷിക്കുന്നു.
ടി.പത്മനാഭൻ തൻ്റെ 'ഖലീഫ ഉമറിന്റെ പിൻമുറക്കാർ ' എന്ന പുസ്തകത്തിൽ പാവങ്ങളുടെ ഡോക്ടർ എന്ന് പ്രശംസിച്ചെഴുതിയ ഡോ.സൈനുദ്ദീൻ മൂപ്പൻ, ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പ്രശസ്ത സർജൻ ഡോ.ഉണ്ണി മൂപ്പൻ, ആസ്റ്റർ ഡി.എം.ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ തുടങ്ങി അറിയപ്പെടുന്ന മൂപ്പൻമാരെല്ലാം മണ്ടായം തറവാട്ടിലെ പിൻമുറക്കാരാണ്. ഇളയ തലമുറക്കാരനായ സൈനുദ്ദീൻ മൂപ്പനും കുടുംബവുമാണ് ഇപ്പോൾ ഏലൂരിലെ തറവാട്ടിലുള്ളത്.