sibi-mathews

തിരുവനന്തപുരം: എെ.എസ്.ആർ.ഒ ചാരക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി സി.ബി.എെ സമർപ്പിച്ച എഫ്.എെ.ആറിലെ നാലാം പ്രതിയും മുൻ എെ.പി.എസ് ഉദ്യോഗസ്ഥനുമായ സിബി മാത്യൂസിന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിലും തെളിവുകൾ നശിപ്പിയ്ക്കാനോ സാക്ഷികളെ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും പൂർണമായി സഹകരിയ്ക്കണമെന്നും രാജ്യം വിട്ടുപോകുന്നെങ്കിൽ കോടതിയുടെ മുൻകൂർ അനുമതി വേണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം.

അന്വേഷണത്തിന്റെ ഭാഗമായി സി.ബി.എെ സംഘം ഡൽഹിയിൽ നിന്ന് തിങ്കളാഴ്ച കേരളത്തിൽ എത്താനിരിക്കെയാണ് സിബി മാത്യൂസ് മുൻകൂർ ജാമ്യം നേടിയത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ഐ.ബി ഉദ്യോഗസ്ഥൻ പി.എസ്.ജയപ്രകാശ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി ജൂലായ് ഒന്നിന് പരിഗണിക്കാനായി മാറ്റി. അതുവരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. മറ്റ് പ്രതികളും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 18 പ്രതികളാണ് എഫ്.എെ.ആറിലുള്ളത്. സിബി മാത്യൂസിന് വേണ്ടി അഡ്വ. വി.അജകുമാർ ഹാജരായി.