തിരുവനന്തപുരം: ഒരു കോടി 20 ലക്ഷം രൂപയ്ക്ക് നഗരസഭ ഹരിയാനയിൽ നിന്ന് കൊണ്ടുവന്ന രണ്ട് കോംപാക്ടറും കട്ടപ്പുറത്തായെന്ന് നഗരസഭയിലെ ബി.ജെ.പി കൗൺസിലർ കരമന അജിത് ആരോപിച്ചു. ഇതുപയോഗിച്ചാൽ ഒരു ടിപ്പറിൽ സാധാരണ കൊള്ളുന്നതിന്റെ അഞ്ചിരട്ടി മാലിന്യം കൊണ്ടുപോകാൻ കഴിയും. ടിപ്പറിലെ മാലിന്യം ഇടിച്ചമർത്തുകയാണ് കോംപാക്ടർ ചെയ്യുന്നത്. 1500 സി.എഫ്.ടി കപ്പാസിറ്റിയുള്ള കോംപാക്ടർ കേന്ദ്ര സർക്കാർ സഹായത്തോടെ വാങ്ങിയതാണ്. കോപാംക്ടർ പ്രവർത്തിക്കാതായതോടെ ഒരു ടിപ്പർ പോകേണ്ടിടത്ത് അഞ്ച് തവണ മാലിന്യവുമായി പോകേണ്ടിവരുന്നു. ടിപ്പർ മുതലാളിമാരെ സഹായിക്കാനാണ് കട്ടപ്പുറത്ത് കിടത്തിയ കോംപാക്ടറിനെ റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കാത്തതെന്നും കരമന അജിത് ആരോപിച്ചു. മേയറെ ആരെങ്കിലും റിമോട്ട് കൺട്രോൾ ചെയ്ത കുഴിയിൽ ചാടിക്കുകയാണോ എന്നറിയില്ലെന്നും അജിത് പറഞ്ഞു.