
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിൻറെ കൊവിഡ് ബ്രിഗേഡ് ഉൾപ്പടെ സമൂഹ നന്മകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ മാതൃകയാവുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ ഉറ്റവർ പോലും അകലം പാലിച്ചപ്പോൾ അടക്കം ചെയ്യാൻ നേരിട്ടെത്തിയത് കൊവിഡ് ബ്രിഗേഡിർമാരാണ്. പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാലംഗ സംഘം ഉൾപ്പെട്ട കൊവിഡ് ബ്രിഗേഡ് കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ സംസ്കരിച്ചത് 52 മൃതദേഹങ്ങളാണ്. മൃതദേഹങ്ങളുടെ സംസ്കാരത്തിനുവേണ്ട ന സാനിറ്റൈസർ, പി.പി.ഇ കിറ്റ്, മാസ്ക് എന്നിവ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും പഞ്ചായത്തിൻറെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ നിന്നാണ് ലഭ്യമാക്കിയിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ വൈ. സതീഷിനെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാലംഗ സംഘം രണ്ട് ടീമായിട്ടാണ് സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നത്.
ബ്ലോക്ക് പഞ്ചായത്തിൻറെ ' കരുതലോടെ അരികിൽ ' എന്ന പദ്ധതി പ്രകാരം കഴിഞ്ഞ ഒരു മാസക്കാലത്തോളം ഡോക്ടർ, നഴ്‌സ് എന്നിവരടങ്ങുന്ന സംഘം വീടുകളിലെത്തി ചികിത്സ നൽകി. ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് രോഗികളുള്ള വീടുകളിൽ അണു നശീകരണത്തിന് പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. ജീവനം പദ്ധതി പ്രകാരം കൊവിഡ് ബാധിച്ചവരുടെ വീടുകളിൽ നിന്നും പഞ്ചായത്തിലെ കൺട്രോൾ റൂമിലേക്ക് അറിയിക്കുന്നതനുസരിച്ച് അവശ്യ മരുന്നുകൾ സൗജന്യമായി വീടുകളിൽ എത്തിക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീടുകളിൽ എത്തിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ ആംബുലൻസ് ഒരുക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. ബെൻഡാർവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
ഫോട്ടോ: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് ബ്രിഗേഡ് ഒരു കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി കൊണ്ട് പോകുന്നു.