photo

നെടുമങ്ങാട്: ആനാട് ആയുർവേദാശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി സെന്ററിലെ അന്തേവാസികൾക്ക് കെ. കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രസിഡന്റ് വി.എൽ. രാകേഷ് കമലിന്റ നേതൃത്വത്തിൽ നൽകി വരുന്ന സായാഹ്ന ഭക്ഷണ വിതരണം ഒരു മാസം പിന്നിട്ടു. ചാരിറ്റി മെമ്പർമാർ അവരവരുടെ പോക്കറ്റിൽ നിന്ന് നീക്കിവയ്ക്കുന്ന തുകയാണ് ഭക്ഷണവിതരണത്തിന് വിനിയോഗിക്കുന്നത്.

കാരക്കോണം മെഡിക്കൽ കോളേജ്, ആർ.സി.സി, നിംസ്, ചൈതന്യ തുടങ്ങിയ ആശുപത്രികളുടെ സഹകരണത്തോടെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നേത്ര, കാൻസർ രോഗനിർണയ ക്യാമ്പുകളും ഫൗണ്ടേഷൻ നടത്തി വരുന്നുണ്ട്. കൊവിഡ് ബാധിത പ്രദേശങ്ങളിൽ അണുനശീകരണവും മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേർന്നുള്ള സന്നദ്ധ പ്രവർത്തനങ്ങളും സജീവമാണ്. കൊവിഡ് സെന്ററിൽ ഭക്ഷണവിതരണം ഒരു മാസം പിന്നിട്ട ചടങ്ങിൽ കേരള എൻ.ജി.ഒ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. രവീന്ദ്രൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.ആർ. പ്രതാപൻ, പി. ബിജു, ഷാജി വിജയൻ, രാകേഷ് കമൽ, പി. രാജീവ് കുമാർ, അനന്തു ആനാടൻ, പ്രേമൻ, രഞ്ജു നാഥ്, എം. സുനിത കുമാരി, ഷിജു ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു.