ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്ത് സി.എച്ച്.സി വഴി കൊവിഡ് വാക്സിൻ വിതരണത്തിലെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഓൺലൈൻ പോർട്ടലിൽ ബുക്ക് ചെയ്തതവർക്ക് സുഗമമായി വാക്സിൻ ലഭ്യത ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് ബാലരാമപുരം സെക്രട്ടറിയുടേയും സി.എച്ച്.സി മെഡിക്കൽ ഓഫീസറുടേയും ഓഫീസുകൾ കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റി ഉപരോധിച്ചു. വാർഡ് മെമ്പർമാർക്ക് 10 ടോക്കണും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്ക് 15 ടോക്കണും നൽകുന്നത് വഴി വാക്സിൻ വിതരണം രാഷ്ട്രീയവത്കരിക്കുന്നെന്നും ഈ രീതി ഒഴിവാക്കി ഓൺലൈൻ ബുക്കിംഗിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം ലഭ്യമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ സർവ്വകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഡി. വിനു, ജില്ലാ ജനറൽ സെക്രട്ടറി വി. മുത്തുക്കൃഷ്ണൻ, അർഷാദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം, കെ. തങ്കരാജൻ, തലയൽ മധു, നന്നംകുഴി രാജൻ, റാഫി, സിജു, രജീഷ് തുടങ്ങിയവർ പങ്കെടുത്തു.