ബാലരാമപുരം: ലോക്ക് ഡൗൺ കാരണം സോഡാ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ തൊഴിലാളികൾ ദുരിതത്തിൽ. സോഡാ കടകൾ പ്രവർത്തിക്കുന്നില്ലെങ്കിലും കടവാടക, വായ്പ പലിശ, വാഹന വായ്പ, വൈദ്യുതി ബിൽ, വാട്ടർ ബിൽ, തൊഴിലാളികളുടെ ശമ്പളം തുടങ്ങി വൻ വെല്ലുവിളി നേരിടുകയാണ് സോഡാ കച്ചവടക്കാർ. പല സോഡാ നിർമ്മാണ യൂണിറ്റുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇപ്പോൾ മൊറട്ടോറിയം കാലാവധി കഴിഞ്ഞതിനാൽ വായ്പകളുടെ അധിക ബാദ്ധ്യതയും, സോഡ നിർമ്മിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും വിലക്കയറ്റവും മേഖലയെ പിന്നോട്ടടിക്കുന്നു. ആയതിനാൽ പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനുള്ള പണലഭ്യത ഉറപ്പാക്കുന്നതിന് കെ.എഫ്.സി, എം.എസ്.എം.ഇ തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ വഴി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുക, വൈദ്യൂതിയുടെ ഫിക്സഡ് ചാർജ് ഒഴിവാക്കുക, വൈദ്യൂതി നിരക്ക് തവണ കളായി അടയ്ക്കാൻ സൗകര്യമൊരുങ്ങുക. വാഹന - സ്ഥാപന വായ് പാ മൊറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. ഈ വിഷമഘട്ടത്തിൽ സോഡാ മേഖലയിൽ പ്രവർത്തിക്കുന്ന ഉത്പാദകരുയുടെയും തൊഴിലാളികളുടെയും പതിനായിരത്തോളം വരുന്ന കുടുംബാംഗങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് സർക്കാരിന്റെ അടിയന്തര നടപടി ഉണ്ടാകണമെന്ന് കേരള സോഡാ സോഫ്റ്റ് ഡ്രിങ്ക്സ് പ്രൊഡ്യൂസേഴസ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ കെ.എസ്.എസ്.ഡബ്യൂ.എ സംസ്ഥാന പ്രസിഡന്റ് ബഷീർ ചൂരിയും ജനറൽ സെക്രട്ടറി ഊക്കോട് കൃഷ്ണൻ കുട്ടിയും ട്രഷറർ ആർ.ശ്രീകുമാർ എന്നിവർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.