dewasam-board

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ നാല് ഹയർസെക്കൻഡറി സ്കൂളുകളിൽ അദ്ധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതായി ആക്ഷേപം. 35അദ്ധ്യാപകരെ പ്രത്യേക അപേക്ഷയോ, പരാതികളോ ഇല്ലാതെ സ്ഥലംമാറ്റിയതാണ് പരാതിക്കിടയാക്കിത്. കൊവിഡ് കാലത്ത് സ്ഥലംമാറ്റങ്ങൾ നടത്തരുതെന്ന സർക്കാർ നിർദ്ദേശം അവഗണിച്ചാണ് നടപടി. ഇതോടെ സ്കൂളുകളിലെ ഒാൺലൈൻ വിദ്യാഭ്യാസപരിപാടികൾ പോലും അവതാളത്തിലായി.

നാല് സ്കൂളുകൾ മാത്രമുള്ളതിനാൽ 3 വർഷം കഴിയുമ്പോഴുണ്ടാകുന്ന പതിവു സ്ഥലംമാറ്റങ്ങളുണ്ടായിരുന്നില്ല. അപേക്ഷിക്കുന്നവർക്ക് ഒഴിവുകളനുസരിച്ച് നൽകുന്നതായിരുന്നു രീതി. ചില വ്യക്തികളുടെ താത്പര്യമാണ് ഇതിന് പിന്നിലെന്നാണ് അദ്ധ്യാപകർ കുറ്റപ്പെടുത്തുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകുമെന്ന് അദ്ധ്യാപകർ അറിയിച്ചു.

എന്നാൽ, സ്ഥലം മാറ്റം ചട്ടങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ഉത്തരവ് ഇറങ്ങി എന്നല്ലാതെ അത് നടപ്പാക്കിയിട്ടില്ല. പരാതി ഉള്ളവർക്ക് ബോർഡിനെ സമീപിക്കാം. പരാതിയിൽ കഴമ്പുണ്ടെങ്കിൽ സ്ഥലം മാറ്റം പുന:പരിശോധിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളും. പരാതികളും അപ്പീലുകളും ബോർഡിനെയാണ് അറിയിക്കേണ്ടതെന്നും വാസു പറഞ്ഞു.