മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത്. രാഹുൽ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ദുരൂഹതയുണർത്തുന്ന പോസ്റ്ററാണ് എത്തിയിരിക്കുന്നത്. മാസ് ലുക്കിൽ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ. സുരേഷ് ഗോപിയുടെ മുന്നിലിരിക്കുന്ന മേശയുടെ സൈഡിൽ അമിർ മുഹമ്മദിന്റെ കെഎൽ നോയിർ: റെഡ് എന്ന ബുക്കും സെൽബിൻ റാബിന്റെ ഫൈവ് ഫാമിലീസ് എന്ന ബുക്കും കാണാം. നടന്റെ കാലിനടുത്ത് ഒരു നായയും ഇരിപ്പുണ്ട്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം മാസ് ആക്ഷൻ സിനിമയായിരിക്കും എന്നാണ് സൂചന. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എത്തിറിയൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സമീൻ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊഡുത്താസ്. സ്റ്റിൽസ്: ഷിജിൻ പി. രാജ്, പി.ആർ.ഒ: പി.ശിവപ്രസാദ്. ആഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.