thookupalam-

കാസർകോട്: അരയി ഗ്രാമവാസികൾക്ക് കോട്ടക്കടവ് തൂക്കുപാലം കടക്കാൻ ഇന്ന് പേടിയാണ്. കൈവരികൾ തകർന്ന തൂക്കുപാലം അപകടഭീഷണിയാണ് ഉണർത്തുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും തൂക്കുപാലത്തിന്റെ കൈവരിയിൽ നെറ്റ് സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഈ സ്ഥിതി തുടരുന്നെങ്കിലും അധികൃതർ ഇതുവരേയും തിരിഞ്ഞുനോക്കുന്നില്ല. സഹികെട്ട നാട്ടുകാർ ഒടുവിൽ അവിടെ തെങ്ങോല കെട്ടിത്തൂക്കി പ്രതിഷേധിക്കുകയാണ്.

2006 ജൂലൈ 7നാണ് അരയി കോട്ടക്കടവ് തൂക്കുപാലം നാടിന് സമർപ്പിച്ചത്. വർഷകാലമെത്തുമ്പോൾ കുത്തിയൊലിച്ചൊഴുകുന്ന പുഴ കണ്ടു വേണം അരയി കോട്ടക്കടവ് തൂക്കുപാലത്തിലൂടെ നാട്ടുകാർക്ക് അക്കരെയെത്താൻ. മഴ കനത്താൽ തൂക്കുപാലം വരെ വെള്ളം കയറും. കൈവരിയില്ലാത്ത പാലമായതിനാൽ കുട്ടികളെ ഒറ്റയ്ക്ക് അയക്കാൻ ഭയമാണ്. വർഷകാലത്ത് വാഴ കർഷകരാണ് ഏറെ പ്രയാസപ്പെടുന്നത്. ആറങ്ങാടി കോട്ടകടവ് ഭാഗത്തുള്ള കർഷകർ കൃഷി സ്ഥലത്തേക്ക് പോകുന്നത് ഈ തൂക്കം പാലം കടന്നാണ്.

അരയിങ്കാൽ പ്രദേശത്തുള്ളവരും കാഞ്ഞങ്ങാട് പോകാൻ ആശ്രയിക്കുന്ന പ്രധാന വഴിയാണിത്. പാലം നിർമിച്ച് 15 വർഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ കാഞ്ഞങ്ങാട് നഗരസഭ തയ്യാറാകുന്നില്ല. അതേസമയം കോട്ടപ്പുറം ബേക്കൽ ജലപാതയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ തൂക്കുപാലം ഉയർത്തി നിർമിക്കേണ്ടി വരുമെന്ന് നഗരസഭ നേരത്തെ അറിയിച്ചിരുന്നു. ഇതിനാലാണ് നാട്ടുകാർ പ്രതിഷേധം ഒഴിവാക്കിയത്. ജലപാതയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടക്കടവ് തൂക്കുപാലം കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടി നിർമ്മിക്കേണ്ടി വരും. ഇതിന്റെ ഭാഗമായി നിർമ്മിക്കുന്ന കോൺക്രീറ്റ് പാലങ്ങളുടെ മണ്ണ് പരിശോധനയും ആരംഭിച്ചിരുന്നു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയുള്ള കോട്ടപ്പുറം ബേക്കൽ ജലപാതയുടെ വികസനം ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണ്. തകർന്ന കൈവരികൾ നന്നാക്കി തൂക്കുപാലത്തിലൂടെയുള്ള യാത്ര സുഖമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.