മടവൂർ: കൊവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കായി മടവൂർ ഗവൺമെന്റ് എൽ. പി സ്കൂളും, പൊതുജനങ്ങളും, സന്നദ്ധസംഘടനകളും ഒരു മനസ്സോടെ പ്രവർത്തിച്ചപ്പോൾ സഫലമായതു ഡിജിറ്റൽ ബാങ്ക് എന്ന നവീനാശയം.പ്രതിസന്ധി ഘട്ടങ്ങളിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കേണ്ട സാഹചര്യത്തിൽ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുകയും, ക്ലാസ് റൂം പഠനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ഈ ഫോണുകൾ സ്കൂളിൽ ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ ബാങ്കിൽ സൂക്ഷിക്കുകയും ചെയ്യും. വർക്കല എം.എൽ.എ വി.ജോയി അർഹരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഫോണുകൾ നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.