road

കിളിമാനൂർ: മഴക്കാലമായതോടെ കാരേറ്റ് പബ്ലിക് മാർക്കറ്റ് - നെടുങ്ങോട് റോഡ് ചെളിക്കുണ്ടായി മാറി. അഞ്ച് വർഷം മുൻപ് നാട്ടുകാർ ശ്രമഫലമായാണ് റോഡ് നിർമ്മിച്ചത്. ഒരു ലക്ഷം വീട് കോളനി ഉൾപ്പെടെ 250 ഓളം കുടുംബങ്ങൾക്ക് കാരേറ്റ് ടൗണുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമാണ് നെടുങ്ങോട് റോഡ്. മഴക്കാലമായതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചിരിക്കയാണ്. അസുഖം ബാധിച്ചാൽ കട്ടിലിൽ ചുമന്നാണ് ആശുപത്രികളിലെത്തിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളും തകർന്നതിനാൽ കാൽനട യാത്രക്കാരും അപകട ഭീഷണിയിലാണ്. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. അടിയന്തരമായി റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.