malinyam

വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര, തൊളിക്കോട്പഞ്ചായത്ത് പ്രദേശങ്ങളിൽ മാലിന്യനിക്ഷേപം രൂക്ഷമായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. തൊളിക്കോട് മുതൽ വിതുര കലുങ്ക് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശത്തും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിട്ട് കാലങ്ങളേറയായി. ഇറച്ചി വേസ്റ്റുകൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ റോഡിൽ ചിതറികിടക്കുന്നത് പതിവ് കാഴ്ചയായി മാറി. മാംസവില്പനകേന്ദ്രങ്ങളിൽ നിന്നും, വീടുകളിൽനിന്നും വൻതോതിലാണ് രാത്രികാലങ്ങളിൽ മാലിന്യങ്ങൾ ചാക്കിലും, പ്ലാസ്റ്റിക് കവറുകളിലും മറ്റും നിറച്ച് കൊണ്ടിടുന്നത്. വെള്ളിയാഴ്ച രാത്രി കോഴിവേസ്റ്റുകൾ ചാക്കിൽ നിറച്ച് വിതുര-തൊളിക്കോട് റോഡിൽ ഏഴിടങ്ങളിൽ നിക്ഷേപിച്ചു. മാലിന്യങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്നതുമൂലം മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥ. മാലിന്യനിക്ഷേപം രൂക്ഷമായതോടെ നാട്ടുകാർ അനവധി തവണ ആരോഗ്യവകുപ്പിനും പഞ്ചായത്തിലും പൊലീസിലും പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. മാലിന്യം നിക്ഷേപിക്കരുതെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ബോഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം ബോഡുകളുടെ സമീപം വരെ മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നതും കാണാം. തിരുവനന്തപുരം, നെടുമങ്ങാട് ഭാഗങ്ങളിൽ നിന്നുവരെ രാത്രിയിൽ മാലിന്യങ്ങൾ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ റോഡരികിലെ വിജനമായ പ്രദേശങ്ങളിൽ രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടിടുകയും ചെയ്യുന്നുണ്ട്. അടിയന്തരമായി ഈ മേഖലകളിൽ തെരവുവിളക്കുകളും കാമറകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 കുടിവെള്ളവും മലിനം

പൊൻമുടി റോഡിന് പുറമേ മേഖലയിലെ നദികളിലും തോടുകളിലും വരെ ഇറച്ചിവേസ്റ്റ് ഉൾപ്പടെയുള്ള മാലിന്യം നിക്ഷേപിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഇത്തരം മാലിന്യക്കെട്ടുകൾ അടിഞ്ഞുകൂടി ദുർഗന്ധം പരത്തുകയാണ്. നദികൾ മലിനപ്പെട്ടിട്ടും നടപടി മാത്രമില്ല. പ്രദേശത്തെ മിക്ക കുടിവെള്ള പദ്ധതികളും ഈ നദികളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ചുരുക്കത്തിൽ ഇവിടുത്തെ ജനങ്ങൾ മലിനജലം കുടിക്കേണ്ട അവസ്ഥയിലാണ്.

 രോഗ ഭീഷണിയും

ഇറച്ചിവേസ്റ്റുകൾ കാക്കയും മറ്റും കൊത്തിവലിച്ച് സമീപത്തെ കിണറുകളിലും മറ്റും കൊണ്ടിടുന്നതുമൂലം വെള്ളം മലിനപ്പെടുന്നതായും പരാതിയുണ്ട്. മാലിന്യം നിക്ഷേപിക്കുന്ന മേഖലകളിൽ കൊതുകിന്റെയും ഈച്ചയുടേയും ശല്യം വർദ്ധിച്ചു. മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിലും ലൈസൻസില്ലാത്ത അനവധി ഇറച്ചി വില്പനകേന്ദ്രങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടും പഞ്ചായത്തുകൾ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനവും മരണവും ഏറെയാണ്. മഹാമാരി ഭീതിയിൽ കഴിയുന്ന ഇവിടുത്തെ ജനങ്ങൾ മാലിന്യ നിക്ഷേപം കൂടിയതോടെ സാംക്രമികരോഗത്തിന്റെ ഭീഷണിയും നേരിടുന്നുണ്ട്.

മുൻപ് മന്നൂർക്കോണം ഭാഗത്ത് രാത്രിയിൽ തലസ്ഥാനത്തുനിന്നും വണ്ടിയിൽ മാലിന്യം കൊണ്ടുവന്ന് വലിച്ചെറിഞ്ഞ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം കടലാസിലുറങ്ങുകയാണ്.നെടുമങ്ങാട്-വിതുര, ആര്യനാട്-വിതുര, പാലോട്-വിതുര റോഡുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചാൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുവാൻ കഴിയും. ഇതിനായി പഞ്ചായത്തുകൾ പദ്ധതി രൂപീകരിച്ചെങ്കിലും യാഥാർത്ഥ്യമായില്ല.

മാലിന്യനിക്ഷേപകേന്ദ്രങ്ങൾ

ചേന്നൻപാറ ഇലക്ട്രിക്സിറ്റി ഓഫീസിന് സമീപം

ചേന്നൻപാറ എം.കെ.പി ഗോ‌ഡൗണിന് സമീപം

വിതുര പൊലീസ് സ്റ്റേഷന് സമീപം

പേരയത്തുപാറ,

ചാരുപാറ എം.ജി.എം സ്കൂളിന് സമീപം,

തോട്ടുമുക്ക്-പൊൻപാറ

വിനോബാനികേതൻ

ചെറ്റച്ചൽകാലങ്കാവ്

കല്ലാർ

ആനപ്പാറ



വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ റോഡരികിലും മറ്റും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ അടിയന്തരമായി പിടികൂടണം. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് മുതൽ കല്ലാർ വരെയുള്ള റോഡിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം

ഫെഡറേഷൻസ് ഒാഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ



മാലിന്യനിക്ഷേപം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് വിതുര, തൊളിക്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ പട്രോളിംഗ് ശക്തിപ്പെടുത്തും

വിപിൻഗോപിനാഥ്-വിതുര സി.ഐ

അനീസ്-വിതുര എസ്.ഐ

പടം

പൊൻമുടി-വിതുര റോഡിൽ വിതുര ചേന്നൻപാറ ഇലക്ട്രിക് സിറ്റി ഒാഫീസിന് സമീപം റോഡിൽ വലിച്ചെറിഞ്ഞ മാലിന്യം തെരുവ്നായകളും,കാക്കയും ഭക്ഷിക്കാനെത്തിയപ്പോൾ