kangana

വീണ്ടും സംവിധായികയാകാൻ കങ്കണ റണൗട്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന എമർജൻസി എന്ന ചിത്രമാണ് കങ്കണ സംവിധാനം ചെയ്യാനൊരുങ്ങുന്നത്. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സായ് കബീർ എമർജൻസി സംവിധാനം ചെയ്യുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. കങ്കണ തന്നെയാണ് ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നതും. റിതേഷ് ഷാ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

" ഒരു വർഷത്തിലേറെയായി എമർജൻസിയിൽ ജോലി ചെയ്തതിൽ നിന്ന് എനിക്ക് മനസിലായി,​ ഈ സിനിമ ഞാനല്ലാതെ മറ്റൊരാൾക്കും മികച്ച രീതിയിൽ സംവിധാനം ചെയ്യാനാവില്ലെന്ന്. അഭിനയരംഗത്ത് നിന്ന് കുറച്ചുകാലം വിട്ടുനിൽക്കേണ്ടി വരുമെങ്കിലും സംവിധാനമെന്നതിൽ ദൃഢനിശ്ചയവുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം." പുതിയ ചിത്രത്തെക്കുറിച്ച് കങ്കണ പറയുന്നു. എമർജൻസി ഒരുരാഷ്ട്രീയ ചിത്രമാണ്. എന്നാൽ ഇന്ദിരാഗാന്ധിയുടെ ജീവചരിത്ര സിനിമയല്ല. ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറയ്ക്ക്​ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഇന്ത്യയുടെ സാമൂഹിക - രാഷ്​ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്​ട്രീയ ചിത്രമാണെന്നും കങ്കണ വ്യക്തമാക്കിയിരുന്നു. എമർജൻസിയെ കൂടാതെ തലൈവി, തേജസ്, ധാക്കഡ്, മണികർണിക റിട്ടേൺസ് എന്നിവയാണ് കങ്കണയുടേതായി അണിയറയിലൊരുങ്ങുന്ന മറ്റു ചിത്രങ്ങൾ.