കല്ലമ്പലം: ദേശീയപാതയിലെ പ്രധാന നഗരങ്ങളിലൊന്നായ കല്ലമ്പലം ഇരുൾമൂടിയിട്ട് ദിവസങ്ങളായി. രാത്രിയിൽ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലുമില്ലാത്ത കല്ലമ്പലം ടൗണിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൗൺ കഴിഞ്ഞ വിവരം ഡ്രൈവർമാർ പലരും അറിയുന്നില്ല. രണ്ടു ഹൈമാസ്റ്റ് ലൈറ്റടക്കം നിരവധി തെരുവ് വിളക്കുകൾ കത്തിയിരുന്ന കല്ലമ്പലം അന്ധകാരത്തിലായിട്ടും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയില്ല. രണ്ട് ഹൈമാസ്റ്റ് ലൈറ്റ് വന്നതോടെ കല്ലമ്പലം പ്രഭാപൂരിതമായി. തുടർന്നാണ് അറ്റകുറ്റപ്പണികൾ ചെയ്യാതെ മറ്റ് തെരുവ് വിളക്കുകളെ അവഗണിച്ചത്. മാസങ്ങൾ കഴിഞ്ഞതോടെ ഹൈമാസ്റ്റ് ലൈറ്റുകളും ഒന്നിന് പിറകെ ഒന്നായി അണഞ്ഞു. അടുത്തിടെ മെയിന്റനൻസ് നടത്തി ഒരു ഹൈമാസ്റ്റ് ലൈറ്റ് കത്തിച്ചെങ്കിലും ടൈമർ ക്രമീകരിച്ചതിലുള്ള പാകപ്പിഴവ് മൂലം വളരെനേരത്തെ കത്തി രാത്രിയാകുമ്പോഴേക്കും അണയുകയാണ് പതിവ്. ഗ്രാമീണ റോഡുകളിൽ പോലും യഥേഷ്ടം തെരുവ് വിളക്കുകൾ കത്തിനിൽക്കുമ്പോൾ ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷനെ അവഗണിച്ചതിൽ വ്യാപാരികളുടെ പ്രതിഷേധം ശക്തമാണ്.
പുലർച്ചെ 2 മണിമുതൽ പത്ര, പാൽ, മത്സ്യ വാഹനങ്ങൾ ജംഗ്ഷനിൽ തലങ്ങും വിലങ്ങും ഓടിത്തുടങ്ങും. പിന്നെ ചീറിപ്പാഞ്ഞുവരുന്ന ആംബുലൻസുകളും പൊലീസ് വാഹനങ്ങളും. ഇരുൾ മൂടിയ കല്ലമ്പലത്ത് അപകടസാദ്ധ്യത വളരെ കൂടുതലാണ്. അടുത്തിടെയാണ് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കല്ലമ്പലത്ത് നിറുത്തിയിട്ടിരുന്ന കാറിനു പിറകിലിടിച്ചത്. ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ രാത്രിയിൽ നടക്കുന്നത് വെളിച്ചക്കുറവുകൊണ്ടാണ്.
നിരവധി ബാങ്കുകളും ജുവലറികളും വ്യാപാരസ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ കല്ലമ്പലം ഇരുളിലായത് കവർച്ചാസംഘങ്ങൾക്കും സാമൂഹ്യവിരുദ്ധർക്കും അനുഗ്രഹമാകുമ്പോൾ ലോക്ക്ഡൗൺ മൂലം കടക്കെണിയിലായ വ്യാപാരികളുടെ ഉള്ളം നീറുകയാണ്. ഇനിയൊരു ആഘാതം കൂടി താങ്ങാൻ അവർക്കാകില്ല.