പ്രതി മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ മകൻ
തിരുവനന്തപുരം: മദ്യാസക്തിയിൽ യുവതിയെ കാറിനകത്ത് വച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ അഭിഭാഷകൻ അറസ്റ്റിലായി. പാറ്റൂർ സ്വദേശിയും വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനുമായ അശോക്(31)നെയാണ് കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾ മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ മകനാണ്.
സംഭവം ഇങ്ങനെ
കഴിഞ്ഞ ദിവസം രാത്രി 8.30ന് പി.എം.ജി ലാ കോളേജ് ജംഗ്ഷനിലായിരുന്നു സംഭവം. അശോകിന്റെ അടുത്ത സുഹൃത്താണ് ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിയായ പരാതിക്കാരി. വളരെ നാളുകൾക്ക് ശേഷം യുവതിയെ കാണാനെത്തിയതാണ് അശോക്. നന്നായി മദ്യപിച്ചാണ് ഇയാൾ അവിടെ എത്തിയത്. മദ്യപിച്ചതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കാറിൽ നിന്ന് പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ജനറൽ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്‌കൂട്ടർ കുറുകെ നിറുത്തി നാട്ടുകാരിലൊരാൾ കാർ തടഞ്ഞു.
അപ്പോഴും പെൺകുട്ടി നിലവിളിക്കുന്നുണ്ടായിരുന്നെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഇതിനിടെ യുവാവ് പെൺകുട്ടിയെ കാറിൽ നിന്നിറക്കി നാട്ടുകാരുടെ മുന്നിൽവച്ച് വീണ്ടും മർദ്ദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിലായി വാക്കേറ്റം. അഡ്വക്കേറ്റാണെന്നും മുൻ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും പറഞ്ഞ് ഇയാൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. സ്‌കൂട്ടറിലെത്തിയ രണ്ടു യുവതികൾ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. ഒടുവിൽ പൊലീസെത്തി യുവാവിനെയും പെൺകുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി. ഇന്നലെത്തന്നെ ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി. യുവതിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചപ്പോൾ തടഞ്ഞതാണ് സംഭവങ്ങൾക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്കും വിധേയരാക്കി. പൊതുസ്ഥലത്തു ബഹളമുണ്ടാക്കൽ, സ്ത്രീക്കെതിരെയുള്ള ആക്രമണം, മദ്യപിച്ചു വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ കേസെടുത്തു. സംഭവം നടന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സി.സി ടിവി കാമറാ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.