വിതുര: തൊളിക്കോട്-വിതുര റോഡിൽ ഇരുത്തലമൂല ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ല. രാത്രിയായാൽ പ്രദേശം ഇരുട്ടിൽമുങ്ങുകയാണ്. ആര്യനാട്, ആനപ്പെട്ടി, പറണ്ടോട്, വിനോബാനികേതൻ, മലയടി, ഭാഗത്തേക്ക് പോകുന്നതിനായി അനവധി പേർ ഇവിടെ രാത്രിയിൽ ബസിറങ്ങുന്നുണ്ട്. ലൈറ്റ് ഇല്ലാത്തതുമൂലം ഇരുട്ടിൽ തപ്പേണ്ട അവസ്ഥയാണ് നിലവിൽ. മാത്രമല്ല അനവധി തെരുവ് നായകൾ ഇവിടെ തമ്പടിച്ചിട്ടുണ്ട്. പുലർച്ചെ പത്രമെടുക്കുവാൻ എത്തിയ ഏ‌ജൻറിനേയും,പത്രവിതരണക്കാരേയും നായകൾ ആക്രമച്ചിരുന്നു. ലൈറ്റ്കത്തിക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രിക്സിറ്റി ഒാഫീസിലും, പഞ്ചായത്തിലും നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.