നാവികസേനയുടെ ശക്തിയും അഭിമാനവുമായിരുന്ന ഐ.എൻ.എസ് വിക്രാന്തിന്റെ പിൻഗാമിയായി എത്തുന്ന അതേ പേരിലുള്ള വിമാന വാഹിനി അടുത്ത വർഷം കമ്മിഷൻ ചെയ്യാൻ പോവുകയാണ്. കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന വിക്രാന്ത് വെള്ളിയാഴ്ച കടൽ പരീക്ഷണത്തിനു മുന്നോടിയായി നീറ്റിലിറക്കിയത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ്. സ്വാതന്ത്ര്യത്തിന്റെ 75 - ാം വാർഷികാഘോഷ വേളയിൽ നാവികസേനയ്ക്ക് കൂടുതൽ കരുത്തു പകരാൻ സ്വദേശി നിർമ്മിതമായ വിക്രാന്തും ഒപ്പമുണ്ടാകുമെന്നത് അങ്ങേയറ്റം അഭിമാനം പകരുന്നു. 'ആത്മനിർഭർ ഭാരത്" മുദ്രാവാക്യം വരും മുമ്പേ ആരംഭിച്ച വിക്രാന്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഒരു ദശാബ്ദത്തിലേറെ വേണ്ടിവന്നെങ്കിലും വിമാന വാഹിനിയുടെ എഴുപത്തിയഞ്ചു ശതമാനം സാമഗ്രികളും സ്വദേശി മുദ്രയുള്ളതാണ്. ഇരുപത്തിമൂവായിരം കോടിയോളം രൂപയാണ് രാജ്യത്ത് ഇന്നേവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ചേറ്റവും വലിയ ഈ വിമാന വാഹിനിക്കായി മുടക്കിയത്. എല്ലാ കടൽ പരീക്ഷകളും കഴിഞ്ഞ് അടുത്ത വർഷം നാവികസേനയുടെ ഭാഗമാകുന്നതോടെ ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന്റെ നാവിക കരുത്തിന്റെ പ്രതീകമാകും. അത്യാധുനിക യുദ്ധവിമാനങ്ങളും ഹെലികോപ്‌റ്ററുകളും അനവധി യുദ്ധോപകരണങ്ങളും കൊണ്ട് ലോകത്തെ വലിയ പടക്കപ്പലുകളോട് കിടപിടിക്കും വിധമാണ് വിക്രാന്ത് കടലിലിറങ്ങുക. പടുകൂറ്റൻ വിമാനവാഹിനി നിർമ്മാണ വിദ്യയിലും ഇന്ത്യ സ്വാശ്രയത്വം നേടുന്ന അഭിമാന മുഹൂർത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
കരയിലും കടലിലും ആകാശത്തും ഒരുപോലെ ഭീഷണി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമായതിനാൽ പ്രതിരോധ സജ്ജീകരണങ്ങൾ പതിന്മടങ്ങു ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇറക്കുമതി പരമാവധി കുറച്ചും തദ്ദേശീയമായി കൂടുതൽ ഉത്‌പന്നങ്ങൾ നിർമ്മിച്ചും ആവശ്യങ്ങൾ നിറവേറ്റാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ മൂന്നുവിഭാഗം പ്രതിരോധ സേനകളെയും ആധുനികവത്‌കരിക്കാനുള്ള പദ്ധതികളും ഏറ്റെടുക്കുന്നുണ്ട്. കാലഹരണപ്പെട്ട ആയുധങ്ങളും യുദ്ധവിമാനങ്ങളും പടിപടിയായി പിൻവലിച്ച് അത്യാധുനികമായവ ചേർത്തുകൊണ്ടിരിക്കുന്നു.
മൂന്നുചുറ്റും സമുദ്രാതിർത്തിയുള്ള ഇന്ത്യയ്ക്ക് കൂടുതൽ യുദ്ധക്കപ്പലുകളും അവയ്ക്കാവശ്യമായ ആധുനിക യുദ്ധവിമാനങ്ങളും അനിവാര്യമാണ്. പ്രഥമ വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്ത് 1997ൽ ഡി കമ്മിഷൻ ചെയ്തതിനുശേഷം ഐ.എൻ.എസ് വിക്രമാദിത്യ മാത്രമേ വിമാനവാഹിനിയായി ഇപ്പോഴുള്ളൂ. കൊച്ചിയിൽ കഴിഞ്ഞ ദിവസം കടലിലിറക്കിയ ഐ.എൻ.എസ് വിക്രാന്ത് നാവികസേനയുടെ ഭാഗമാകുന്നതോടെ പ്രതിരോധ കരുത്ത് ഗണ്യമായി വർദ്ധിക്കും. മൂന്നാമതൊരു കൂറ്റൻ വിമാനവാഹിനി നിർമ്മിക്കാനുള്ള ആലോചനയുമുണ്ട്. വിക്രാന്തിനെക്കാൾ വലിപ്പവും സജ്ജകരണങ്ങളുമുള്ള വിമാനവാഹിനിയാകും അത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ നാവിക സാന്നിദ്ധ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയും കൂടുതൽ കടൽശേഷി കൈവരിക്കേണ്ടതുണ്ട്. ചൈനയും കൂടുതൽ വിമാന വാഹിനികൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിരോധ നിർമ്മാണരംഗത്ത് മെല്ലെപ്പോക്ക് എപ്പോഴും ശത്രുരാജ്യങ്ങൾക്കാണ് നേട്ടമാവുക. ഐ.എൻ.എസ് വിക്രാന്ത് നിർമ്മാണ പദ്ധതിക്ക് കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത് 2002-ലാണ്. നിർമ്മാണം ആരംഭിക്കാൻ പിന്നെയും ഏഴുവർഷം വേണ്ടിവന്നു. കടലിലിറങ്ങാൻ വേണ്ടിവന്നത് പന്ത്രണ്ടു വർഷമാണ്.
എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നാവികസേനയുടെ കൈയിലെത്താൻ ഇനിയുമെടുക്കും രണ്ടുവർഷത്തോളം. ഇതുപോലെ ഇനി നിർമ്മിക്കാനുദ്ദേശിക്കുന്ന വിമാനവാഹിനിയെക്കുറിച്ചുള്ള ആലോചന തുടങ്ങിയിട്ട് ആറേഴു വർഷമാകുന്നു. നിർമ്മാണം ഉടനടി ഏറ്റെടുക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നു കരുതുന്നതു കൊണ്ടാവുമോ ഈ അമാന്തമെന്നറിയില്ല. സൗഹൃദമോ സഹവർത്തിത്വമോ ഒട്ടും ആഗ്രഹിക്കാത്ത അയൽക്കാരുടെ ഭീഷണിയുള്ളപ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുവിധ ഉപേക്ഷയും വന്നുകൂടാത്തതാണ്.