വർക്കല: പ്രസവാവധി കഴിഞ്ഞെത്തിയ താത്കാലിക ജീവനക്കാരിക്ക് ജോലി നൽകാതെ പകരക്കാരെ നിയമിക്കുന്നതിനായി വെട്ടൂർ പഞ്ചായത്ത് ഓഫീസിൽ നടത്തിയ ഇന്റർവ്യൂവിനെതിരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചു.

ഇന്റർവ്യൂ തടസപ്പെടുത്തുകയും പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തുകയും ചെയ്തു. രംഗം വഷളായതോടെ പൊലീസ് സ്ഥലത്തെത്തിയാണ് പ്രവർത്തകരെ നീക്കിയത്. സമരം നടത്തിയ പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. കൈക്കുഞ്ഞുമായി പ്രതിഷേധിക്കാൻ എത്തിയ താത്കാലിക ജീവനക്കാരിയെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വെട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയപ്പോൾ കഴിഞ്ഞ കോൺഗ്രസ് ഭരണസമിതി ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ പ്രോജക്ടിന്റെ ഭാഗമായി നിയമിച്ചിരുന്നു. ഓഫീസ് അസിസ്റ്റന്റ് 95 ദിവസം ജോലി ചെയ്തശേഷം പ്രസവാവധിയെടുത്ത് പോയി. അവധി കഴിഞ്ഞെത്തിയപ്പോൾ പുതിയ എൽ.ഡി.എഫ് ഭരണസമിതി തിരിച്ചെടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇവർ പഞ്ചായത്ത് അധികൃതരോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ജോലിയെക്കുറിച്ച് വ്യക്തമായ മറുപടിയൊന്നും ഭരണസമിതി നൽകിയില്ലെന്നും പറയുന്നു.

ജീവനക്കാരിക്ക് പകരം നിയമനം നടത്തുന്ന വിവരമറിഞ്ഞാണ് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലെത്തിയത്. ഈ സമയം തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യു നടക്കുകയായിരുന്നു. ഇതോടെ പ്രസിഡന്റിന്റെ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. അരമണിക്കൂറോളം പ്രതിഷേധം തുടർന്നു. ഓഫീസിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ജീവനക്കാരിയെ പിരിച്ചുവിടാനുള്ള തീരുമാനം നീതിക്ക് നിരക്കാത്തതാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇവർക്കൊപ്പം നിയമിച്ച മറ്റ് രണ്ടുപേരെയും നിലനിറുത്തിയപ്പോഴാണ് നിർദ്ധന കുടുംബാംഗമായ യുവതിയെ ഒഴിവാക്കിയത്.

ഒരുവർഷത്തേക്കുള്ള കരാറാണെന്നും അതു കഴിഞ്ഞാൽ പുതിയവരെ നിയമിക്കാമെന്നുമാണ് ഭരണസമിതിയുടെ വാദം. മുൻ പ്രസിഡന്റ് അഡ്വ. അസിം ഹുസൈൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി ബിനു വെട്ടൂർ, മണ്ഡലം പ്രസിഡന്റ് പ്രതാപൻ ഉൾപ്പെടെയുള്ളവർ യുവതിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഭരണസമിതി അംഗീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.