വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കൊവിഡ് വാക്‌സിൻ ക്യാമ്പുകളിൽ വാക്‌സിൻ വിതരണം അട്ടിമറിച്ചെന്നാരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ, ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധം. കിടപ്പ് രോഗികൾക്കായി മാറ്റിവെച്ച കൊവിഡ് വാക്‌സിൻ കോൺഗ്രസ് പാർട്ടി അനുകൂലികൾക്ക് വീതിച്ച് നൽകിയെന്ന് ആരോപിച്ചാണ് ഡി. വൈ. എഫ്.ഐ. പ്രവർത്തകർ മുദ്രാവാക്യവുമായി

പഞ്ചായത്ത് ഓഫീസിന് മുന്നിൽ എത്തിയത്. ഇതിനിടെ പഞ്ചായത്തംഗങ്ങളും പ്രതിഷേധക്കാരുമായി ഉന്തുംതള്ളുമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും ഉൾപ്പെടെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൈയേറ്റം ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഒന്നര മണിക്കൂർ കഴിഞ്ഞാണ് അവരെത്തിയതെന്നും കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. തുടർന്ന് പ്രസിഡന്റ് ശശികലയും കോൺഗ്രസ് അംഗങ്ങളും വർക്കല പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തി. തങ്ങളെ ആക്രമിച്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ. സംഭവത്തിൽ കേസെടുക്കാമെന്ന് പൊലീസ് അറിയിച്ചതോടെ പിരിഞ്ഞുപോയത്. വൈകീട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുന്നിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി.