snake

അപൂർവ്വയിനം മഴവിൽ പാമ്പിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വീഡിയോയിൽ കാണുന്ന പാമ്പിന്റെ നിറം ഒറ്റനോട്ടത്തിൽ, നീലയാണെന്നെ തോന്നൂ. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ, ഈ പാമ്പിന്റെ പുറത്ത് പല നിറങ്ങളും കാണാം. കാലിഫോർണിയയിലെ റെപ്റ്റൈൽ സൂ നടത്തുന്ന ജെയ് ബ്രൂവർ ആണ് താൻ സംരക്ഷിക്കുന്ന പമ്പുകളിൽ ഏറ്റവും ഗ്ലാമറുള്ള പാമ്പിനെ പരിചയപ്പെടുത്തിയത്. 'മൈ ലവ് ' എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ പാമ്പിന്റെ ദൃശ്യങ്ങൾ തീർച്ചയായും കാണികളെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമില്ല. ഫോട്ടായ്ക്കായി പോസ് ചെയ്യുന്ന ഒരു സ്ത്രീ ഈ വലിയ 'നാഗസുന്ദരി'യെ കഴുത്തിൽ അണിഞ്ഞിരിക്കുന്നതും കാണാം. തന്റെ പാമ്പിൻ ശേഖരത്തിലെ ഏറ്റവും ഭംഗിയുള്ള പാമ്പാണിതെന്ന് ജെയ് ബ്രൂവർ പറയുന്നു. അത് പക്ഷേ നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല,​ താരതമ്യേന ശാന്ത സ്വഭാവമാണ് ഈ പാമ്പ് പുലർത്തുന്നത്. അതുകൊണ്ടാണ് പാമ്പിനെ മൈലവ് എന്ന് വിളിക്കുന്നതെന്നും ജെയ് ബ്രൂവർ പറയുന്നു.

അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിലാണ് 'ഫാരൻസിയ എറിട്രോഗ്രാമ' എന്നറിയപ്പെടുന്ന മഴവിൽ പാമ്പുകൾ സാധാരണമായി കാണപ്പെടുന്നത്. 36 മുതൽ 48 ഇഞ്ച് വരെയാണ് ഇത്തരം പാമ്പുകളുടെ നീളം. ചിലത് 66 ഇഞ്ച് വരെ നീളത്തിലും വളരാറുണ്ട്. വിഷമില്ലാത്ത, ജലജീവിയായ പാമ്പുകളാണിവ. അമേരിക്കയിൽ കണ്ടു വരുന്ന ഏറ്റവും മനോഹരമായ പാമ്പുകളിൽ ഒന്നാണ് മഴവിൽ പാമ്പുകൾ. വളർച്ച പൂർത്തിയായ പാമ്പുകൾക്ക് മുതുകിൽ ചുവന്ന വരകളും, തിളങ്ങുന്ന വരകളും കാണാം. വയറിന്റെ ഭാഗത്തിന് ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറമാണ്. തലയിലും വശങ്ങളിലും മഞ്ഞ നിറമാണ്. ചെറിയ ഇരുണ്ട കണ്ണുകൾ, മിനുസമാർന്ന തിളങ്ങുന്ന ചെതുമ്പലുകൾ, കൂർത്ത വാൽ എന്നിവ ഇവയെ കൂടുതൽ ആകർഷകമാക്കുന്നു. ഈൽ മോക്കസിൻ എന്ന വിളിപ്പേരിലും മഴവിൽ പാമ്പുകൾ അറിയപ്പെടാറുണ്ട്.

ആൺ മഴവിൽപാമ്പുകൾ പെൺ പാമ്പുകളേക്കാൾ ചെറുതാണെങ്കിലും ഇവയ്ക്ക് താരതമ്യേന നീളവും കട്ടിയുമുള്ള വാലുകളാണുള്ളത്. തെക്കൻ വിർജീനിയ മുതൽ കിഴക്കൻ ലൂസിയാന വരെയുള്ള അമേരിക്കയുടെ തീരദേശ സമതലങ്ങളിലും റെയിൻബോ പാമ്പുകൾ കാണാറുണ്ട്.

ചതുപ്പുകളിലും, അരുവികളിലും, നദികളിലുമാണ് ഇവയുടെ വാസ സ്ഥലം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചറിന്റെ കണക്ക് പ്രകാരം പതിനായിരത്തിന് മുകളിൽ മഴവിൽ പാമ്പുകളുണ്ട്. എന്നാൽ 2007ന് ശേഷം ഇവയുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല.