കടയ്ക്കാവൂർ: മഴപെയ്താൽ വെളള കെട്ടുമൂലം കഷ്ടപെടുകയാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ നല്ലൊരു വിഭാഗം ജനങ്ങളും. ഒരു ചെറിയ മഴ പെയ്താൽ പല വീടുകളിലും വെളളം കയറും. അമ്മൻകോവിൽ, പിളളയ്ക്ക് വിളാകം, കുന്നുംപുറം, നാഗരുകാവ്, വൈകുണ്ഡം എന്നീ പ്രദേശങ്ങൾ മഴ പെയ്താൽ വെളളത്തിനടിയിലാകും. ഈ പ്രദേശങ്ങളിലെ മഴവെളളം ഓടകളിലൂടെയും ചാലുകളിലൂടെയും ഒഴുകി പുത്തൻ നട തോട്ടിൽ എത്തി മടവാ പാലം വഴി മീരാൻ കടവ് കായലിൽ ചെന്നുചേരുകയായിരുന്നു പതിവ്. എന്നാൽ കയ്യേറ്റം മൂലവും വേസ്റ്റുകൾ കൊണ്ടിടുന്നത് കാരണവും ഈ തോടുകളുടെ പലഭാഗങ്ങളും അടഞ്ഞു. വാർഡ്മെമ്പറായിരുന്ന പ്രവീൺ ചന്ദ്ര കഴിഞ്ഞ മഴക്കാലത്ത് മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ആറ്റിങ്ങൽ ഓഫീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എഞ്ചിനീയർ അടക്കമുളള ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് എത്തുകയും ചാലുകളും തോടുകളും മറ്റും നോക്കി കാണുകയും ഉടൻ പരിഹാരം ഉണ്ടാകുമെന്ന് പറയുകയും ചെയ്തു. എന്നാൽ നാളിതുവരെയും ഒരു പരിഹാരം ഉണ്ടായിട്ടില്ല. അടിയന്തരമായി ഈ വിഷയം പരിഹരിക്കുന്നതിന് ഈ തോടുകളുടെ ആഴം കൂട്ടി, സൈഡ് വാൾ നിർമ്മിക്കുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.