പാലോട്: നന്ദിയോട് വാഴപ്പാറയിൽ തെരുവുനായ്ക്കൾ പൗൾട്രി ഫാമിലുണ്ടായിരുന്ന ആയിരത്തോളം കോഴികളെ കടിച്ചു കൊന്നു. നന്ദിയോട് ആലംപാറ പ്രാട്യാരു കുഴി അഖിലാ ഭവനിൽ നളിനന്റെ (അനി) ഉടമസ്ഥതയിലുള്ള ഫാമിലെ കോഴികളെയാണ് കഴിഞ്ഞ ദിവസം രാവിലെ കൂട്ടമായെത്തിയ തെരുവ് നായ്ക്കൂട്ടം കൂട് പൊളിച്ച് കോഴികളെ കൊന്നത്. വാഴപ്പാറയിൽ സ്ഥലം വാടകക്ക് എടുത്ത് കോഴിഫാം ആരംഭിച്ചിട്ട് 10 മാസത്തോളമേ ആയിരുന്നുള്ളൂ. മകളുടെ വിവാഹാവശ്യത്തിനായ് ബാങ്കിൽ നിന്നെടുത്ത പത്തുലക്ഷം രൂപ വായ്പയിൽ നിന്നാണ് വായ്പ തിരിച്ചടവിനായ് രണ്ടര ലക്ഷം രൂപയോളം ചിലവഴിച്ച് ഫാം തുടങ്ങിയത്. ചെറിയ ഒരു പച്ചക്കറി കട നടത്തുന്നതിൽ നിന്നു ലഭിക്കുന്നവരുമാനത്താലാണ് നളിനന്റെ കുടുംബം കഴിഞ്ഞു വന്നത്. കോഴിഫാമിൽ നിന്നും കോഴികളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ കൊന്നതോടെ ഇദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലാണ്. നന്ദിയോട് പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും തെരുവ്നായ് ശല്യം രൂക്ഷമാണ്.