j-hotel

മേഘങ്ങളെ തൊട്ടറിഞ്ഞ് ലഞ്ച് കഴിക്കാൻ അവസരം ലഭിച്ചാൽ ആരാണ് വേണ്ടെന്ന് വയ്ക്കുക. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആഡംബര ഹോട്ടലായ ജെ യെക്കുറിച്ചാണ് പറഞ്ഞുവന്നത്. ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കെട്ടിടമായ ഷാംഗ്ഹായ് ടവറിലാണ് (ഉയരം 642 മീറ്റർ) ജെ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. ചൈനീസ് ബിസിനസ് ഡീലറായ ജിൻ ജിയാംഗ് ഹോട്ടൽസ് ഇന്റർനാഷണൽ ആണ് ഈ ഹോട്ടലിന്റെ നി‌ർമ്മാണത്തിന് പിന്നിൽ.

632 മീറ്റർ ഉയരത്തിൽ 128 നിലകളുള്ള ഷാംഗ്ഹായ് ടവറിന്റെ ഏറ്റവും മുകളിലെ 26 നിലകളിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ജൂൺ ആദ്യവാരമായിരുന്നു ഹോട്ടലിന്റെ ഉദ്ഘാടനം. ഇതുവരെ ചൈനയിലെ തന്നെ റോസുഡ് ഗ്വാംഗ്ഷോ ആയിരുന്നു ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഹോട്ടൽ. തെക്കൻ ചൈനയിൽ ഈ ഹോട്ടൽ 530 മീറ്റർ ഉയരമുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഹോട്ടൽ മാത്രം പ്രവർത്തിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന ബഹുമതിയുള്ളത് ദുബായിലെ ഗെവോറ ഹോട്ടലിനാണ്, 356 മീറ്റർ ഉയരമാണ് ഇതിനുള്ളത്.

ആഡംബരത്തിന്റെ പര്യായം

എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് ജെ ഹോട്ടൽ പ്രവർത്തിക്കുന്നത്. റൗണ്ട് ദ ക്ലോക്ക് പേഴ്സണൽ ബട്ട്ലർ സേവനവും നൂറ്റിയിരുപതാം നിലയിൽ ഒരു റെസ്റ്റോറന്റുമുണ്ട്. സെക്കൻഡിൽ 18 മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാവുന്ന ലിഫ്റ്റാണ് മറ്റൊരു പ്രത്യേകത. 165 മുറികൾ, ഏഴ് റെസ്റ്റോറന്റുകൾ, ബാറുകൾ, സ്പാ, എൺപത്തി നാലാം നിലയിൽ സ്വിമ്മിംഗ് പൂൾ എന്നീ സൗകര്യങ്ങളും ഇവിടെയുണ്ട്.

നിർമ്മാണം പൂർത്തിയായെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഹോട്ടൽ തുറക്കാൻ വൈകിയത്. ഈ ഹോട്ടലിനു മുകളിൽ നിന്ന് നോക്കിയാൽ യാംഗ്സി നദീതീരവും ഷാംഗ്ഹായി നഗരവും ഒരു ഭൂപടത്തിലെന്നപോലെ കാണാം.

ഓഫറുകൾ ആകർഷകം

ഹോട്ടലിന്റെ ഉദ്ഘാടനം പ്രമാണിച്ച്,​ ആകർഷകമായ നിരവധി ഓഫറുകൾ ഇവിടെ ലഭ്യമാണ്. ഒരു ദിവസത്തെ താമസത്തിന് 3,088 യുവാൻ അഥവാ 35,​350 ഇന്ത്യൻ രൂപയാണ് ഇപ്പോൾ നൽകേണ്ടത്. 'ജെ സ്യൂട്ട്' എന്നറിയപ്പെടുന്ന 34 സ്യൂട്ട് റൂമുകളിലൊന്നിൽ താമസിക്കണമെങ്കിൽ ഒരു രാത്രിക്ക് 67,000 യുവാൻ അഥവാ 7,70,278 രൂപ വാടകയായി നൽകണമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്! ഇത്രയും പണം നൽകി ആരാണ് ഈ ഹോട്ടലിൽ താമസിക്കാൻ പോകുന്നത് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എന്നാൽ നിങ്ങൾക്കു തെറ്റി. പുതിയ ഹോട്ടലിനെക്കുറിച്ചുള്ള വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ്, താമസിക്കാൻ തയ്യാറായി നിരവധിപ്പേർ എത്തുന്നുണ്ടെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്.