നെയ്യാറ്റിൻകര: തൊഴിലാളികളുടെ ജീവിതം വഴിമുട്ടിച്ച് കെട്ടിട നിർമ്മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള ആർട്ടിസാൻസ് അസോസിയേഷനും തൊഴിലാളികളും ആവശ്യപ്പെട്ടു. നിർമ്മാണമേഖലയ്ക്കാവശ്യമായ സാധനസാമഗ്രികളുടെ കുത്തനെയുളള വിലവർദ്ധനവും ലഭ്യതക്കുറവുമാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് കാരണം. കെട്ടിട നിർമ്മാണമടക്കമുളള ജില്ലയിലെ ഭൂരിഭാഗം നിർമ്മാണ പ്രവ‌ർത്തനങ്ങളും ഇപ്പോൾ സ്തംഭനാവസ്ഥയിലാണ്.

ലോക്ഡൗൺ ആരംഭിച്ചതുമുതലാണ് മേഖലയിൽ അനിശ്ചിതത്വം തുടങ്ങിയത്. പിന്നീട് ലോക്ഡൗൺ ഇളവുകളിൽ നിർമ്മാണമേഖലയും വന്നതോടെ തൊഴിലാളികൾക്ക് കുറച്ച് ആശ്വാസമായെങ്കിലും സാധനസാമഗ്രികളുടെ വിലവ‌‌ർദ്ധനവും ലഭ്യതക്കുറവും മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

കൊവി‌ഡ് നിയന്ത്രണങ്ങളെ തുടർന്ന് 30ഓളം പേർ തൊഴിലെടുത്തിരുന്നിടങ്ങളിൽ ഇപ്പോൾ ദിനം പ്രതി നാലോ അഞ്ചോ പേർക്ക് മാത്രമാണ് ജോലിയുളളത്. ജില്ലയിൽ മാത്രം ആയിരത്തോളം പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇത് ഈ മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുടെ നിത്യവൃത്തിയെ ബാധിക്കുന്നുണ്ട്. നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളും ഈ മേഖലയിലുണ്ട്. നിർമ്മാണ മേഖലയിലെ പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് തൊഴിലാളികളടക്കമുളളവരുടെ ആവശ്യം.

 സിമന്റ് വില....... ഫെബ്രുവരിയിൽ 350രൂപ ജൂണിൽ 500 രൂപ

 കമ്പി(ഒരു കിലോ)........ 50 രൂപ.............. 75 രൂപ

 പ്രതിസന്ധി തുടരുന്നു

നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ സാധനങ്ങൾ എത്തിയിരുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇവിടങ്ങളിൽ നിന്നും എത്തുന്ന സിമന്റ്, കമ്പി ഉൾപ്പെടെയുളള സാധനങ്ങൾ വരുന്നതിൽ പ്രതിസന്ധി തുടരുകയാണ്. പെട്രോൾ, ഡീസൽ വില വർദ്ധനവാണ് ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിനും ലഭ്യതക്കുറവിനും കാരണമായി ഒരു കൂട്ടം മൊത്തവ്യാപാരികൾ പറയുന്നത്. ഫെബ്രുവരിയിൽ 350 രൂപയുണ്ടായിരുന്ന സിമന്റിന് ഇപ്പോൾ 500രൂപയാണ് വിപണി വില. കിലോയ്ക്ക് 50രൂപയുണ്ടായിരുന്ന കമ്പി ഇപ്പോൾ 75ലുമെത്തിയിട്ടുണ്ട്.

 കണക്കുകൂട്ടലും തെറ്റി

10 ലക്ഷം രൂപ പ്ലാൻ ചെയ്ത് വീട് വയ്ക്കാൻ തുടങ്ങിയ ഒരാൾക്ക് ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ 13-15 ലക്ഷം രൂപയോളം വേണ്ടിവരും. വായ്പയെടുത്ത് വീട് നിർമ്മാണം ആരംഭിച്ചവരുടെയും ഭവനരഹിതർക്കുളള വീട് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നവരുടെയും കണക്ക് കൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് നിർമ്മാണ മേഖലയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നത്. സാധനസാമഗ്രികളുടെ ലഭ്യതക്കുറവ് കാരണം പല നി‌ർമ്മാണ പ്രവർത്തനങ്ങളും മുടങ്ങി.

 പ്രതിസന്ധിക്ക് കാരണം നിർമ്മാണമേഖലയ്ക്കാവശ്യമായ സാധനങ്ങളുടെ കുത്തനെയുളള വിലവർദ്ധനവും ലഭ്യതക്കുറവും

 കെട്ടിട നിർമ്മാണമടക്കമുളള ജില്ലയിലെ ഭൂരിഭാഗം നിർമ്മാണ പ്രവ‌ർത്തനങ്ങളും ഇപ്പോൾ സ്തംഭനാവസ്ഥയിൽ.

ലോക്ഡൗൺ ഇളവുൾ വന്നതോടെ കുറച്ച് ആശ്വാസമായെങ്കിലും സാധനങ്ങളുടെ വിലവ‌‌ർദ്ധനവും ലഭ്യതക്കുറവും തിരിച്ചടിയായി

 പൈപ്പ്, ഇലക്ട്രിക്കൽസ് അടക്കമുളള ഹാ‌ർഡ് വെയർ ഉത്പന്നങ്ങളുടെ വിലയിലും ഗണ്യമായ വർദ്ധനയാണ് ഉണ്ടായത്.

പ്രതികരണം-

സർക്കാർ അടിയന്തരമായി ഇടപെട്ട് നിർമ്മാണമേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണം

എം.കെ പുരുഷോത്തമൻ , കേരള ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി