nambi

തിരുവനന്തപുരം: എെ.എസ്.ആർ.ഒയിലെ പ്രഗത്ഭ ശാസ്ത്രജ്ഞരായ ഡോ. മരുതുനായകത്തെയും ഡോ.യു.ആർ .റാവുവിനെയും കൂടി ചാരക്കേസിൽ കുടുക്കാൻ പൊലീസും എെ.ബി ഉദ്യോഗസ്ഥരും ശ്രമിച്ചിരുന്നതായി നമ്പി നാരായണൻെറ മൊഴി.

ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.എെ ഡൽഹി യൂണിറ്റ് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്.എെ.ആറിലാണ് ഈ മൊഴി ഉൾപ്പെടുത്തിയിരിക്കുന്നത്.

സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മിഷൻ മുമ്പാകെ നമ്പിനാരായണൻ നൽകിയതാണ് ഈ മൊഴി.

തന്നെയും മറ്റൊരു ശാസ്ത്രജ്ഞനായ ഡി .ശശികുമാറിനെയും അന്യായമായി തടങ്കലിൽ പീഡിപ്പിച്ച പൊലീസിലെയും എെ.ബി യിലെയും ഉന്നതരാണ് ഡോ. മരുതുനായഗത്തെയും ഡോ.യു.ആർ .റാവുവിനെയും കൂടുക്കാൻ ശ്രമിച്ചത്.

ഇന്ത്യയുടെ ക്രയോജനിക് വിദ്യ തകർക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് നമ്പിനാരായണൻെറ മൊഴി. ഗൂഢാലോചനയുടെ ഭാഗമായി തന്നെ പീഡിപ്പിച്ച 18 ഉദ്യോഗസ്ഥരുടെ പേരുവിവരവും നമ്പിനാരായണൻ ജെയിൻ കമ്മിഷന് നൽകിയിരുന്നു. ഈ 18 പേരെയാണ് സി.ബി.എെ പ്രതിയാക്കിയത്.

ചാരക്കേസിൽ പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത മറിയം റഷീദയെ അന്യായമായി തടങ്കലിൽ ചോദ്യം ചെയ്തപ്പോഴും പീഡിപ്പിച്ചപ്പോഴും പൊലീസ് എഫ്.എെ.ആർ പോലും എടുത്തിരുന്നില്ലെന്നും ജയിൻ കമ്മിഷൻ റിപ്പോർട്ടിലുണ്ട്. പൊലീസിന്റെ പ്രവൃത്തി ഒരു വിദേശ വനിതയക്ക് ഇന്ത്യയിൽ കടുത്ത പീ‌ഡനം ഏൽക്കാനിടയാക്കിയെന്നും സി.ബി.എെ എഫ്.എെ.ആറിൽ ചൂണ്ടിക്കാട്ടുന്നു.