വെള്ളറട: ടോക്കൺ കിട്ടിയവർക്ക് വാക്സിൻ നൽകാത്തതിനെ തുടർന്ന് ആശാവർക്കറായ വാർഡ് മെമ്പറെ തടഞ്ഞു വച്ചു. ഇന്നലെ വേങ്കോട് വാർഡിലെ തങ്കമ്മ മെമ്മോറിയൽ സാംസ്കാരിക നിലയത്തിൽ 150 ഓളം പേർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് ടോക്കൺ നൽകിയിരുന്നു. പുലർച്ചേയെത്തി ടോക്കൺ എടുത്ത പലരും സമയം ആകുമ്പോൾ എത്താമെന്ന് പറഞ്ഞ് പോയിരുന്നു.

എന്നാൽ ഉച്ചയോടെ വാക്സിൻ തീർന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. അശോക് കുമാറിന്റെ നേതൃത്വത്തിൽ ആശാവർക്കറായ മെമ്പറെ തടഞ്ഞുവച്ചു. ടോക്കൺ എടുത്തവർക്കെല്ലാം വാക്സിൻ നൽകിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞായിരുന്നു തടഞ്ഞുവച്ചത്. ഇതിനിടയിൽ ആരോഗ്യപ്രവർത്തകർ സ്ഥലംവിട്ടിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വൈസ് പ്രസിഡന്റ് ദീപ്തി തിങ്കളാഴ്ച ടോക്കൺ നൽകിയവർക്ക് വാക്സിൻ നൽകാമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.