മലയിൻകീഴ്: അനർഹരായ ഒന്നര ലക്ഷത്തിലധികം പേർ സംസ്ഥാനത്ത് ബി.പി.എൽ കാർഡ് ഉപയോഗിക്കുന്നതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കാട്ടാക്കട പ്രസ് ക്ലബ് മലയിൻകീഴ് മീഡിയ സെന്ററിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക ഭദ്രതയുള്ളവർ സ്വമേധാ ബി.പി.എൽ കാർഡ് തിരികെ നൽകണം. അല്ലാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. 30 വരെ അവസരം നൽകിയിട്ടുണ്ട്. ഇതിനകം 26,000ഓളം പേർ തിരികെ ബി.പി.എൽ കാർഡ് ഏല്പിച്ച് പുതിയ കാർഡ് കൈപ്പറ്റിയിട്ടുണ്ട്. സപ്ലൈകോയുടെ കീഴിലെ മെഡിക്കൽ സ്റ്റോറുകളിലേക്കുള്ള മരുന്നുകളും മറ്റ് സാധനങ്ങളും ഏകീകൃതമായി വാങ്ങി എല്ലാ ഷോപ്പുകളിലും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. റേഷൻ കാർഡ് ആധികാരിക രേഖയായിട്ടുള്ളതിനാൽ സാധനങ്ങൾ വാങ്ങുന്നില്ലെങ്കിലും കാർഡ് നിലനിറുത്തുന്നുണ്ട്. ഇത്തരക്കാർക്ക് കാർഡ് നിലനിറുത്താനും റേഷൻ സാധനങ്ങൾ വേണ്ടെന്ന് വയ്ക്കുനുള്ള അവസരവും നൽകും. റേഷൻ മൊത്തവിതരണ ഷോപ്പുകളിൽ സി.സി ടിവി കാമറ സ്ഥാപിച്ച് ഏകീകൃത നിരീക്ഷണ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, സി.പി.ഐ.കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ നായർ എന്നിവരും മുഖാമുഖത്തിൽ പങ്കെടുത്തു. കാട്ടാക്കട പ്രസ് ക്ലബിന്റെ സ്നേഹോപഹാരം പ്രസ് ക്ലബ് പ്രസിസന്റ് ടി.എസ്. ചന്ദ്രൻ മന്ത്രി ജി.ആർ. അനിലിന് നൽകി.
ഫോട്ടോ: മന്ത്രി ജി.ആർ. അനിൽ മലയിൻകീഴ് മീഡിയ സെന്ററിൽ നടത്തിയ മുഖാമുഖം പരിപാടി.
വിളപ്പിൽ രാധാകൃഷ്‌ണൻ, ടി.എസ്. ചന്ദ്രൻ, വിളവൂർക്കൽ പ്രഭാകരൻ എന്നിവർ സമീപം