നെടുമങ്ങാട്: സത്രംമുക്ക് - കച്ചേരിനട - ചന്തമുക്ക് - ആശുപത്രി ജംഗ്‌ഷൻ റോഡ് അധവ, രാജവീഥി എന്നറിയപ്പെടുന്ന റോഡിലൂടെ യാത്ര ചെയ്‌താൽ വണ്ടിയുടെയും യാത്രചെയ്യുന്നവരുടെ നടുവിന്റെയും കാര്യത്തിൽ തീരുമാനമാകും. കോയിക്കൽ കൊട്ടാരവും നഗരസഭാ കാര്യാലയവും പൊലീസ് സബ് ഡിവിഷൻ ഹെഡ് ക്വാർട്ടേഴ്‌സും സ്ഥിതിചെയ്യുന്ന സത്രംമുക്കിൽ ചിതറിക്കിടക്കുന്ന മെറ്റലും പൊടിപടലവും ദുസ്സഹമായി. കച്ചേരിനടയിൽ തുടങ്ങി സൂര്യാ റോഡ്, ചന്തമുക്ക് - ആശുപത്രി ജംഗ്‌ഷൻ വരെ ഗട്ടറുകളുടെ ഘോഷയാത്രയാണ്. മഴ പെയ്താൽ വെള്ളം തളം കെട്ടി കാൽനടക്കാർക്കു പോലും സഞ്ചരിക്കാനാവില്ല. ജില്ലാ ആശുപത്രി ജംഗ്ഷൻ കടക്കണമെങ്കിൽ മലിനജലത്തിൽ കുളിക്കാതെ പറ്റില്ല. മലിനജലം റോഡരികിലെ ഓടകളിൽ തളം കെട്ടി രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഗട്ടറുകളിൽ വീഴാതെ വാഹനങ്ങൾ ഒഴിച്ച് പോകുമ്പോൾ കാൽനട യാത്രക്കാർക്ക് പരിക്കേൽക്കുന്നതും വലിയ വാഹനങ്ങളിൽ തട്ടി ടൂവീലറുകൾ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. നൂറുകണക്കിന് യാത്രക്കാർ നിത്യവും ഈ ദുരിതവഴി താണ്ടുന്നുണ്ട്. കുളവിക്കോണം - നെട്ടിറച്ചിറ റോഡിലും വാളിക്കോട് - പഴകുറ്റി റോഡിലും സമാനമായ സ്ഥിതിയാണ്. വിളിപ്പാടകലെയുള്ള റവന്യൂഡിവിഷൻ ഓഫീസും താലൂക്കോഫീസും മരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസും കാഴ്ചക്കാരാവുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
അനന്തമായി നാലുവരിപ്പാത
വഴയില നാലുവരിപ്പാതയുടെ ഭാഗമാണ് പഴകുറ്റി മുതൽ ചന്തമുക്ക് വരെയുള്ള നെടുമങ്ങാടിന്റെ രാജവീഥി.
നിലവിലെ റോഡിന്റെ ടാറിംഗ് വീതി കുറയ്ക്കാതെ, സെന്റർ മീഡിയത്തിന്റെയും ഫുട്പാത്തിന്റെയും വീതി കുറച്ചു കൊണ്ട് 21 മീറ്റർ റോഡ് നിർമ്മാണത്തിന് കിഫ്ബിയുടെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം അനുവാദം നൽകിയിട്ട് രണ്ടു വർഷത്തോളമായി. ഇതനുസരിച്ച് 256 കോടി രൂപ നിർമ്മാണത്തിനായി അനുവദിച്ചു. സ്ഥലമെടുപ്പിന് മാത്രം 59.22 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അളവെടുപ്പും കല്ലിടലും കരാറുകാരുടെ തന്നിഷ്ടം പോലെ ചെയ്തുവെന്ന വ്യാപാരികളുടെ പരാതി പരിഹരിക്കാൻ പ്രോജക്ട് അധികൃതർ മുന്നോട്ടു വരാത്തതാണ് നിർമ്മാണം വൈകിക്കുന്നത്. ഭൂവുടമകളെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചിരുന്ന സാമൂഹിക പ്രത്യാഘാത പഠനവും പൊതുചർച്ചയും കൊവിഡ് പശ്ചാത്തലത്തിൽ നീളുകയാണെന്ന് പരാതിയുണ്ട്.
ചിറകരിഞ്ഞ ഫ്ളൈഓവർ !
നാലുവരിപ്പാതയുടെ ഭാഗമായി തയാറാക്കിയ കരകുളം ഫ്ലൈ ഓവർ നിർമ്മാണവും പെരുവഴിയിലാണ്. കെൽട്രോൺ ജംഗ്‌ഷൻ മുതൽ കരകുളം പാലം വരെ 600 മീറ്റർ ദൂരമാണ് ഫ്ലൈ ഓവറിന് നിശ്ചയിച്ചിട്ടുള്ളത്. അരുവിക്കരയിൽ നിന്നും തലസ്ഥാനത്തേക്കുള്ള ജലവിതരണ പൈപ്പ് ലൈനും കിള്ളിയാറും സംരക്ഷിച്ചു കൊണ്ടുള്ള ഫ്ലൈ ഓവർ നിർമ്മാണത്തിനും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കാണ് തിരിച്ചടിയായത്. കഴിഞ്ഞ വർഷം ജനുവരി 30 ന് സ്ഥലമെടുപ്പ് ഉദ്‌ഘാടനം ഏണിക്കരയിൽ മന്ത്രി ജി. സുധാകരൻ നിർവഹിച്ചെങ്കിലും സ്പെഷ്യൽ തഹസിൽദാരുടെ നേതൃത്വത്തിൽ നടന്ന വെരിഫിക്കേഷനും സാമൂഹ്യാഘാത പഠനവും ലക്ഷ്യം കണ്ടില്ലെന്നതാണ് വസ്തുത.
പ്രതികരണം
''നാലുവരിപ്പാത നിർമ്മാണത്തിന്റെ പേരിൽ റോഡ് അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നത് ന്യായമല്ല. പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ സമര രഗത്തിറങ്ങും"
- ഹാഷിം റഷീദ്
(ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്)
"ശബരിമല പാക്കേജിന്റെ ഭാഗമായി പതിനൊന്നാംകല്ല് മുതൽ ആര്യനാട് വരെയുള്ള റോഡ് ഉടൻ നവീകരിക്കും. നാലുവരിപ്പാത സ്ഥലമെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലാണ്. കരകുളം ഫ്ലൈഓവർ ആദ്യഘട്ടത്തിൽ തന്നെ നിർമ്മിക്കും"
- ആനന്ദ് (പി.ഡബ്ളിയു.ഡി എ.ഇ - റോഡ് വിഭാഗം)