
തിരുവനന്തപുരം: കേന്ദ്രകമ്മിറ്രി അംഗമായ വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ത്രീകളെ ലൈവ് ഷോയിൽ ആക്ഷേപിച്ച ശേഷം സി.പി.എം സ്ത്രീപക്ഷ കേരളം എന്ന കാമ്പെയിനുമായി രംഗത്തുവന്നത് അപഹാസ്യമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനാകുന്നില്ല. കോഴിക്കോട് സ്വർണക്കടത്ത് മാഫിയയ്ക്ക് സംരക്ഷണം നൽകുന്നത് സി.പി.എമ്മിന്റെ സ്വന്തക്കാരനായ കൊടി സുനി ആണ്. അവിടെ മാഫിയയ്ക്കെതിരായാണ് സി.പി.എം പ്രചാരണം നടത്തുന്നത്. ഈ രണ്ടു പ്രചാരണങ്ങളും നടത്തി സി.പി.എം കേരളത്തിലെ ജനങ്ങളുടെ ബുദ്ധിയെ പരീക്ഷിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.