news

തിരുവനന്തപുരം: പ്ലസ് ടു, ബിരുദ പഠനം കഴിഞ്ഞ് ഉപരിപഠനത്തിന് സമാന്തര സംവിധാനത്തെ ആശ്രയിക്കുന്ന ഒന്നര ലക്ഷത്തോളം കുട്ടികളുടെ ഭാവി അവതാളത്തിലാകാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, കുട്ടികളെ ബുദ്ധിമുട്ടിലാക്കാതെ മറ്റ് സർവകലാശാലകളിൽ വിദൂര, ഓപ്പൺ പഠനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചു.

ഓപ്പൺ സർവകലാശാലയ്ക്ക് അംഗീകാരമാവാത്തതിനാൽ വിദൂരപഠനം പ്രതിസന്ധിയിലാണെന്ന് കേരളകൗമുദി ജൂൺ ആറിന് റിപ്പോർട്ട് ചെയ്തിരുന്നു.

മറ്റെല്ലാ സർവകലാശാലകളിലും വിദൂര, ഓപ്പൺ പഠനം പൂർണമായി നിറുത്തി അദ്ധ്യാപകരെയും ജീവനക്കാരെയും സൗകര്യങ്ങളുമെല്ലാം ഓപ്പൺ സർവകലാശാലയിലേക്ക് മാറ്രിയ നിയമ വ്യവസ്ഥയാണ് കുട്ടികൾക്ക് കുരുക്കായത്. യു.ജി.സിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അനുമതി നേടാത്തതിനാൽ ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങാനായില്ല. നിയമപ്രകാരം വിലക്കുള്ളതിനാൽ മറ്റ് സർവകലാശാലകൾക്ക് ഓപ്പൺ കോഴ്സുകൾ തുടരാനുമാവില്ല.

കോളേജുകളിൽ പഠിക്കാൻ പറ്റാത്തവർക്ക് ഇക്കൊല്ലം ഉപരിപഠനത്തിന് എല്ലാ സർവകലാശാലകളിലും വിദൂര, ഓപ്പൺ പഠനം പുനഃസ്ഥാപിക്കണം. നാക് സ്കോർ മൂന്നിനു മുകളിലുള്ള സർവകലാശാലകൾക്ക് യു.ജി.സി വിദൂര, ഓപ്പൺ പഠനം അനുവദിക്കും. കേരളയ്ക്കും കാലിക്കറ്റിനും ഈ യോഗ്യതയുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഓപ്പൺ സർവകലാശാലകളുണ്ടെങ്കിലും മറ്റ് സർവകലാശാലകളിൽ ഓപ്പൺ, വിദൂര പഠനം തടഞ്ഞിട്ടില്ല.

ഇനി ഇങ്ങനെ...

1)മറ്റ് സർവകലാശാലകളിലെ ഓപ്പൺപഠനം വിലക്കുന്ന 51(2) വകുപ്പ് ഒഴിവാക്കി ഓപ്പൺ സർവകലാശാലാആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസിറക്കാം.

2)ആക്ടിലെ ഏതെങ്കിലും വ്യവസ്ഥകാരണം കുട്ടികൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാരിന് വിജ്ഞാപനമിറക്കാമെന്ന് ആക്ടിലുണ്ട്.

3)ഓർഡിനൻസിലൂടെ ആക്ട് ഭേദഗതി ചെയ്യണോ, വിജ്ഞാപനത്തിലൂടെ തടസം നീക്കണോ എന്ന് നിയമവകുപ്പിനോട് ആരാഞ്ഞു.

സീറ്റുകൾ പരിമിതം

സർവകലാശാലകളിലെ സീറ്റ്

കേരള

ബിരുദം- 26,974

ബിരുദാനന്തര ബിരുദം- 3457

കാലിക്കറ്റ്

ബിരുദം- 59,486

ബിരുദാനന്തര ബിരുദം- 7629

എം.ജി.

ബിരുദം- 69,363

ബിരുദാനന്തരബിരുദം- 17,094

കണ്ണൂർ

ബിരുദം- 15,410

ബിരുദാനന്തര ബിരുദം- 2186

കഴിഞ്ഞ വർഷം ഉപരിപഠനത്തിന്

യോഗ്യത നേടിയവർ

പ്ളസ് ടു......3,19,782

വി.എച്ച്.എസ്.ഇ....... 18,137

90%

മാർക്കുള്ളവർക്കും കോളേജ് പ്രവേശനം കടുപ്പം