ബാലരാമപുരം: കോൺഗ്രസിന്റെ അന്നം പുണ്യം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നിർദ്ധനർക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകും. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം ഇന്ന് രാവിലെ 8ന് ശാലിഗോത്ര തെരുവിൽ അഡ്വ.എം. വിൻസെന്റ് എം.എൽ.എ നിർവഹിക്കും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. സാജൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ 20 വാർഡുകളിലെയും വീടുകൾ സന്ദർശിച്ച് ഒരു കുടുംബത്തിൽ നിന്നും ഏറ്റവും കുറഞ്ഞത് 10 രൂപ സംഭാവനയായി സ്വീകരിച്ച് സമാഹരിക്കുന്ന തുക വിനിയോഗിച്ച് അതത് വാർഡുകളിലെ നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും അന്നം പുണ്യം ചെയർമാനുമായ വിൻസെന്റ് ഡി. പോൾ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോട്ടുകാൽ വിനോദ്, സംസ്ഥാന നിർവാഹക സമിതി അംഗം സി.എസ്. അരുൺ, നിയോജക മണ്ഡലം പ്രസിഡന്റ് ജോയി, മണ്ഡലം പ്രസിഡന്റ് എ. സാജൻ, ബ്ലോക്ക് സെക്രട്ടറിമാരായ രതീഷ്, വിഷ്‌ണു, നതീഷ് നളിനൻ, അബ്ദുൾ കരീം, ജില്ലാ സെക്രട്ടറി അഫ്സൽ ബാലരാമപുരം, സുൽഫി, മനു, പഞ്ചായത്ത് അംഗങ്ങളായ എം. രവീന്ദ്രൻ, എൽ. ജോസ്, സിന്ധു എന്നിവർ വിവിധ വാർഡുകളിൽ 10 രൂപ ചലഞ്ചിന് നേതൃത്വം നൽകും.