തിരുവനന്തപുരം: അതിതീവ്ര കടലേറ്റത്തിനും ഗുരുതരമായ തീരശോഷണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന കേരളതീരം സംരക്ഷിക്കുന്നതിന് ഒരു പുതിയ സമീപനം ആവശ്യമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അടിമലത്തുറയിലെ വെള്ളക്കെട്ടും വർക്കലയിലെ തീരക്കുന്നിടിച്ചിലും ഗൗരവതരമാണ്. വിഴിഞ്ഞത്തെയും മുതലപ്പൊഴിയിലെയും മത്സ്യബന്ധന തുറമുഖ പുലിമുട്ടുകളും കടൽ നികത്തിയുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് തുറമുഖവും തീരസന്തുലിതാവസ്ഥയെ തകിടംമറിക്കുന്നെന്നാണ് പ്രമേത്തിൽ പറയുന്നത്.
ശംഖുംമുഖം ബീച്ചിന്റെ പ്രാധാന്യം കണക്കിലെടുത്ത് പുനർനിർമാണം സാദ്ധ്യമാക്കുന്ന തരത്തിലുള്ള തീരസംരക്ഷണ രീതികൾ നടപ്പാക്കണമെന്നും വിഴിഞ്ഞം കണ്ടെയ്‌നർ തുറമുഖ നിർമ്മാണം സൃഷ്ടിക്കുന്ന ആഘാതം കണക്കിലെടുത്ത് ഒരു പുനഃപരിശോധനയുടെ സാദ്ധ്യത ആലോചിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. അനിൽ നാരായണര് അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി എസ്.എൽ. സുനിൽകുമാർ, വരവ് ചെലവ് കണക്ക് ട്രഷറർ എസ്. രാജിത്ത്, അനുശോചന പ്രമേയം ജി. ഷിംജി, സംഘടനാവലോകനം സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം, ' കൊവിഡാനന്തര കേരളം പരിഷത്ത് എന്തുചെയ്യണം ' കെ.ജി. ഹരികൃഷ്ണൻ എന്നിവർ അവതരിപ്പിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.