tg

വർക്കല: സംസ്ഥാന വ്യാപകമായി വില കൂടിയ കാമറകൾ തട്ടിപ്പിലൂടെ സ്വന്തമാക്കി വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ വർക്കല ഡി.വൈ.എസ്.പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം കല്ലുവാതുക്കൽ വിലവൂർകോണം എം.ഇ കോട്ടേജിൽ നിജാസ് (27), എറണാകുളം സൗത്ത് പറവൂർ ഏലുക്കാട് വീട്ടിൽ ശ്രീരാജ് (26) എന്നിവരാണ് പിടിയിലായത്.

വാഹന മോഷണം, കഞ്ചാവ് കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സംഘത്തിലുള്ള കാസർഗോഡ് സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആധാർ കാർഡ് ഉൾപ്പെടെ വ്യാജമായി നിർമ്മിച്ച് തിരിച്ചറിയൽ രേഖകൾ നൽകിയാണ് വാടകയ്ക്ക് കാമറകൾ കൈവശപ്പെടുത്തുന്നത്. സിനിമാ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജാക്സൺ ഫെർണാണ്ടസ് എന്ന പേരിലാണ് പ്രധാനപ്രതി നിജാസ് തട്ടിപ്പുകൾ നടത്തിയിരുന്നത്. ഫോട്ടോഗ്രാഫർ ഉൾപ്പെടെയുള്ളവരുടെ കാമറകൾ ഇത്തരത്തിൽ കൈക്കലാക്കി ഒ.എൽ.എക്സിലും മറ്റും പരസ്യം നൽകിയാണ് വില്പന നടത്തിയിരുന്നത്.

ഇവർ വർക്കലയിലെ ഒരു റിസോർട്ടിൽ താമസിക്കുന്ന രഹസ്യവിവരം തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന് ലഭിച്ചതിനെ തുടർന്നാണ് സംഘം അറസ്റ്റിലാകുന്നത്.

കോട്ടയം വാകത്താനം പൊൻഗന്ധന കട്ടത്തറ വീട്ടിൽ അജയിയുടെ കാമറ വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. കരമന നെടുങ്കാട് രാജ് ഹോമിൽ രാജ് ഹിരണിന്റെ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരുന്ന കാമറയും ലെൻസും, നെയ്യാറ്റിൻകര സ്വദേശി സിൽ ബോസിന്റെ രണ്ട് ലക്ഷം രൂപ വിലയുള്ള കാമറയും ലെൻസുകളും സംഘം വിറ്റിരുന്നു. ഇതെല്ലാം കണ്ടെടുത്തിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും സംഘം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം.

വർക്കല പൊലീസ് ഇൻസ്പെക്ടർ ദ്വിജേഷ്, സബ് ഇൻസ്‌പെക്ടർ സേതുനാഥ്, അനിൽകുമാർ, ഷാഡോ ടീം സബ് ഇൻസ്പെക്ടർ ബിജു .എ.എച്ച്, എ.എസ്.ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, സി.പി.ഒ അനൂപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.