നാഗർകോവിൽ: കന്യാകുമാരിയിൽ കഞ്ചാവ് മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടുപേർ കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കന്യാകുമാരി സുനാമി കോളനി സ്വദേശി ജോണിന്റെ മകൻ ജെശുരാജ് (24), നാഗർകോവിൽ കടയവിള സ്വദേശി ദുരൈരാജിന്റെ മകൻ സെൽവൻ (24) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ അഗസ്‌തീശ്വരം സ്വദേശി ബകീഷ്വരൻ(21), മുത്തുകുമാർ (22) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ പോയ ബില്ലാ രാജേഷിനായി (26) പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുത്തേറ്റ കന്യാകുമാരി ചിന്നമുട്ടം സ്വദേശി ജെനീഷ് (27) ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശപ്രകാരം കന്യാകുമാരി ഡി.എസ്.പി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബകീഷ്വൻ, രാജേഷ്, മുത്തുകുമാർ എന്നിവരുടെ കൈയിൽ നിന്ന് കഞ്ചാവ് വാങ്ങാനാണ് കന്യാകുമാരി നാലുവരിപ്പാതയിലെ മുരുകൻകുന്ന് എന്ന സ്ഥലത്ത് ജെശുരാജ്, സെൽവൻ, ജെനീഷ് എന്നിവരെത്തിയത്. കഞ്ചാവ് വാങ്ങിയ ശേഷം പണം നൽകാത്തതിനെ തുടർന്നുള്ള ഏറ്റുമുട്ടലിലാണ് ജെശുരാജും സെൽവനും മരിച്ചത്. കുത്തേറ്റ ജെനീഷ് നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.