പാറശാല: പാറശാലയിൽ ഇന്നലെ നടന്ന വാക്സിൻ വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിൽ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാറശാല ഇഞ്ചിവിള വാർഡിലെ സാധാരണക്കാർക്കായി സ്പോട്ട് രജിസ്‌ട്രേഷൻ പ്രകാരം നടപ്പിലാക്കിയ വാക്സിൻ വിതരണത്തിലാണ് ക്രമക്കേട് ഉണ്ടായത്. വാർഡ് മെമ്പർ ഹെൽത്ത് ഇൻസ്പെക്ടറുമായി യോജിച്ച് സ്വന്തം പാർട്ടിയിലുള്ളവർക്ക് മാത്രമായി വിതരണം ചെയ്യാൻ തീരുമാനിച്ചതാണ് ക്രമക്കേടായി ചൂണ്ടിക്കാട്ടുന്നത്. നേരത്തെ അറിയിച്ചതനുസരിച്ച് രാവിലെ എട്ട് മണിക്ക് ടോക്കൺ വാങ്ങാനായി എത്തിയ പ്രായമായർ ഉൾപ്പെടെയുള്ളവർക്ക് ആർക്കും ടോക്കൺ ലഭിച്ചിരുന്നില്ല. എന്നാൽ വാർഡ് മെമ്പർ ചിലർക്ക് നൽകിയ ടോക്കണുമായി എത്തിയവർ പത്തുമണിയോടെ ക്യുവിൽ പോലും നിൽക്കാതെ വാക്സിൻ എടുത്ത് മടങ്ങുകയായിരുന്നു. ചിലരുടെ പ്രത്യോക താത്പര്യം മാനിച്ചാണ് പാറശാല ഗവ.ഗേൾസ് ഹൈ സ്‌കൂളിൽ നടന്നിരുന്ന വാക്സിൻ വിതരണം വാർഡിലേക്ക് മാറ്റിയത്.

എന്നാൽ വാർഡുകളിൽ കിടരോഗികളായിട്ടുള്ളവർക്ക് പോലും വാക്സിൻ ലഭിച്ചിരുന്നില്ല. ഈ നടപടികളാണ് പ്രതിഷേധത്തിന് കാരണമായത്. വാക്സിൻ നൽകുന്നതിൽ തിരിമറി നടത്തിയതിൽ അന്വേഷണം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്.