പോത്തൻകോട്: വാവറമ്പലം ശ്രീനാരായണപുരം റോഡിൽ നിർമ്മാണത്തിലിരുന്ന ഇരുനില കെട്ടിടം തകർന്ന് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. കണിയാപുരം കരിച്ചാറ സ്വദേശികളും കെട്ടിട നിർമ്മാണ തൊഴിലാളികളുമായ ദിനേശ് (45), ഷിബു (38), ദിനേശൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം.
ഇരുനില വീടിന്റ രണ്ടാം നിലയിലെ സീലിംഗിന്റ ഭാഗം സിമന്റ് തേയ്ക്കുന്നതിനിടയിൽ സീലിംഗ് ഒന്നോടെ തകർന്ന് തൊഴിലാളികൾ കോൺക്രിറ്റ് സ്ലാബുകൾക്കിടയിൽപ്പെടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കഴക്കൂട്ടം ഫയർഫോഴ്സ് സംഘം കോൺക്രീറ്റ് സ്ലാബുകൾ കട്ട് ചെയ്ത് മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്.
ഒരു തൊഴിലാളിയുടെ കൈ കോൺക്രീറ്റ് സ്ലാബിനും ഭിത്തിക്കും ഇടയിലൂടെ പുറത്തേക്ക് നീണ്ട നിലയിലായിരുന്നു. രണ്ടാം നിലയിൽ താത്ക്കാലിക ചാരം നിർമ്മിച്ച് അതിൽ നിന്ന് സീലിംഗ് സിമന്റ് തേയ്ക്കുന്നതിനിടയിൽ ഇരുവശത്തെയും ഭിത്തികൾ അകന്നു മാറിയതാണ് അപകടമുണ്ടാകാൻ കാരണം. അശാസ്ത്രീയ നിർമ്മാണം മൂലമാണ് ഭിത്തികൾ അകന്ന് മാറിയതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിർമ്മിച്ച് മറിച്ച് വിൽക്കാൻ വേണ്ടിയാണ് കെട്ടിടം നിർമ്മിക്കുന്നത്. പള്ളിപ്പുറം സ്വദേശിയായ കരാറുകാരനാണ് നിർമ്മാണം നടത്തുന്നത്. പൊലീസ് കേസെടുത്തു.
ക്യാപ്ഷൻ : വാവറമ്പലത്ത് നിർമ്മാണത്തിലിരിക്കെ തകർന്നുവീണ കെട്ടിടം