കഴക്കൂട്ടം: മേനംകുളം ഏലായ്ക്കടുത്ത് വച്ച് കഴക്കൂട്ടം സി.ഐക്കും സംഘത്തിനും നേരെ നാടൻ ബോംബെറിഞ്ഞ കേസിലെ പ്രതി പൗണ്ടുകടവ്, ലക്ഷം വീട് 1161ൽ ചുരുട്ട സന്തോഷിനെ (28) പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ ഇന്നലെ പുലർച്ചെ കോഴിക്കോട്, കൊടുവള്ളിയിൽ നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. 14കാരിയായ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ്,​ സന്തോഷ് താമസിക്കുന്ന മേനംകുളം ഏലായി ക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പൊലീസിനെ കണ്ട പ്രതി ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും വലിച്ചിഴച്ചു കൈയിൽ കരുതിയിരുന്ന ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. എന്നാൽ അന്ന് സംഘത്തിലുണ്ടായിരുന്ന വനിതാ പൊലീസ് കുട്ടിയെ അപകടം കൂടാതെ രക്ഷപ്പെടുത്തി കഴക്കൂട്ടം സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസെടുത്തു. സി.ഐ ബിജു.വി, എസ്.ഐ വിപിൻ കുമാർ, സി.പി.ഒമാരായ സജാദ്, അൻസിൽ, അരുൺ, സുജിത്, രഞ്ജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.