മനുഷ്യ ശരീരത്തിൽ മറഞ്ഞിരിക്കുന്ന കാൻസറിനെ വളരെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന രക്ത പരിശോധനയുമായി ശാസ്ത്രലോകം. ഒരു വ്യക്തിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തന്നെ കാൻസർ കണ്ടെത്താമെന്നതാണ് ' ഗല്ലേറി " എന്ന പേരിട്ടിരിക്കുന്ന ഈ പരിശോധനയുടെ പ്രത്യേകത. 50 ലേറെ തരം കാൻസറുകളുടെ സാന്നിദ്ധ്യം ഈ രക്ത പരിശോധനയിലൂടെ വളരെ നേരത്തെ തന്നെ നിർണയിക്കാൻ സാധിക്കും.
50 നും അതിന് മുകളിലും പ്രായമുള്ളവരിൽ കാൻസർ സാദ്ധ്യത നേരത്തെ കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന ഈ സംവിധാനം ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. എത്ര നേരത്തെ കാൻസർ കണ്ടെത്തുന്നുവോ, ചികിത്സയും അത്രയ്ക്ക് എളുപ്പവും വിജയകരവുമാകും. കാൻസർ ദുരിതങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരെ രക്ഷിക്കാൻ ഈ രക്ത പരിശോധന സഹായിക്കും.
കാൻസർ കോശങ്ങൾ ശരീരത്തിന്റെ ഏത് ഭാഗത്താണ് രൂപപ്പെടുന്നതെന്നും ഗല്ലേറി ടെസ്റ്റിന് കൃത്യമായി കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിലുള്ള പരിശോധനാ സംവിധാനങ്ങൾക്കൊപ്പം ഗല്ലേറിയെ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിൽ ഒന്നിലധികം കാൻസറുകൾ രൂപപ്പെടുന്നുണ്ടോ എന്ന് കണ്ടെത്തി തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് ഗല്ലേറിയുടെ പഠന റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഗവേഷകർ പറയുന്നു. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രെയ്‌ൽ എന്ന കമ്പനിയാണ് ഗല്ലേറി ടെസ്റ്റ് വികസിപ്പിച്ചെടുത്തത്.
യു.എസിൽ ഇപ്പോൾ ഈ പരിശോധന ഡോക്ടറുടെ നിർദ്ദേശപ്രകാരം നടത്തുന്നുണ്ട്. 134,000 പേരെ പങ്കെടുപ്പിച്ച് ഗല്ലേറിയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഒരു വ്യക്തിയിൽ നിന്ന് രക്തത്തിന്റെ സാമ്പിൾ മാത്രമാണ് പരിശോധനയ്ക്ക് വേണ്ടി വരിക. ഇതിലെ ഡി.എൻ.എയെ വിശകലനം ചെയ്താണ് രോഗനിർണയം. ജീനോം സീക്വൻസിംഗ് ഉൾപ്പെടെയുള്ള ഘട്ടങ്ങൾക്ക് ശേഷം പത്ത് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും. കരൾ, അന്നനാളം, പാൻക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകൾ നേരത്തെ കണ്ടെത്താൻ സാധിക്കാത്തത് മിക്കപ്പോഴും രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നുണ്ട്.
ഗല്ലേറിയിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. വളരെ ലളിതമായ കാൻസർ നിർണയ പരിശോധന ആയതിനാൽ സാധാരണക്കാർക്കും ഈ മാർഗം അവലംബിക്കാൻ സാധിക്കും. ഗല്ലേറി പരിശോധനയുടെ സാദ്ധ്യതകളെ പറ്റി വിശദമായ പഠനങ്ങൾ തുടരുകയാണ്. ലോകത്ത് ലക്ഷക്കണക്കിന് പേരെ പിടികൂടുന്ന കാൻസർ എന്ന വില്ലനെ തുടക്കത്തിൽ തന്നെ കണ്ടെത്തി ഇല്ലാതാക്കാൻ സഹായിക്കുന്ന ഗല്ലേറിയ്ക്ക് ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.