കേസ് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം
തിരുവനന്തപുരം: യുവസംരംഭകയുടെ സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ വഴിത്തിരിവ്. കൈത്തറി സംരംഭമായ വീവേഴ്സ് വില്ലേജിന്റെ ഉടമ തിരുവനന്തപുരം വഴയില സ്വദേശി ശോഭാ വിശ്വനാഥനാണ് മാസങ്ങൾ നീണ്ട പോരാട്ടത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചത്. സംഭവത്തിൽ യുവതി നിരപരാധിയാണെന്നും പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്താൽ സുഹൃത്ത് കഞ്ചാവ് കൊണ്ടുവച്ച് കുടുക്കിയതാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതോടെയാണ് യുവതി കേസിൽ നിന്നും രക്ഷപ്പെട്ടത്.
ഇക്കഴിഞ്ഞ ജനുവരി 21ന് ശോഭയുടെ സ്ഥാപനത്തിൽ നിന്ന് പൊലീസ് അരക്കിലോ കഞ്ചാവ് പിടിച്ചെടുത്തതിനെ. തുടർന്നായിരുന്നു അറസ്റ്റ്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ പോരാടിയ ശോഭ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ സുഹൃത്ത് ഹരീഷ് ഹരിദാസ്, സഹായി വിവേക് രാജും ചേർന്നാണ് കഞ്ചാവ് കൊണ്ടുവച്ചതെന്നും പിന്നീട് പൊലീസിൽ വിളിച്ച് അറിയിച്ചതെന്നും കണ്ടെത്തിയത്. തുടർന്ന് ശോഭയ്‌ക്കെതിരായ കേസ് ഒഴിവാക്കിയ പൊലീസ് ഹരീഷിനെയും വിവേകിനെയും പ്രതിചേർത്തിട്ടുണ്ട്.