തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഇന്നു മുതൽ ജൂലായ് 12 വരെ നടക്കും. 15 കുട്ടികളെ വീതമാകും ലാബിൽ പ്രവേശിപ്പിക്കുക. കുട്ടികൾ, അദ്ധ്യാപകർ, ലാബ് അസിസ്റ്റന്റുമാർ എന്നിവർ ഇരട്ട മാസ്ക് ധരിക്കുകയും സാനിട്ടൈസർ ഉപയോഗിക്കുകയും വേണം. ശരീരോഷ്മാവ് കൂടുതലുള്ളവർക്ക് പ്രത്യേക ഹാളിലാകും പരീക്ഷ.
കൊവിഡ് സ്ഥിരീകരിച്ച കുട്ടികൾക്ക് നെഗറ്റീവാകുന്ന മുറയ്ക്ക് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അവസരമൊരുക്കും. ലാബുകളിലെ ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്ക് മുൻപും ശേഷവും സാനിട്ടൈസ് ചെയ്യും. ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റ് കുട്ടികൾക്ക് കൈമാറി ഉപയോഗിക്കാൻ അനുവദിക്കില്ല. വായു സഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ് മുറികളിലാകണം വൈവ നടത്തേണ്ടതെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ എത്തേണ്ട സമയപട്ടിക പ്രിൻസിപ്പൽമാർ തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രകാരം തിരക്ക് പരമാവധി ഒഴിവാക്കിയാകും പരീക്ഷകൾ നടക്കുക.
പ്ലസ് ടു പ്രാക്ടിക്കൽ: വിഷയങ്ങളുടെ ക്രമീകരണം
ഫിസിക്സ്
പരീക്ഷാസമയം രണ്ടുമണിക്കൂർ: ഒരു പരീക്ഷണം ചെയ്താൽ മതിയാകും.
കെമിസ്ട്രി
ഒന്നരമണിക്കൂർ: പിപ്പറ്റിനു പകരം മെഷറിംഗ് ജാർ/മാർക്ക്ഡ് ടെസ്റ്റ്യൂബ്/ബ്യൂററ്റ് എന്നിവ ഉപയോഗിക്കാം. സോൾട്ട് അനാലിസിസ് ഒഴിവാക്കി.
ബോട്ടണി
ഒരു മണിക്കൂർ: മൈക്രോസ്കോപ്പ് ഒഴിവാക്കി. സ്പെസിമെൻ സംബന്ധിച്ച് സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം രേഖപ്പെടുത്തണം.
സുവോളജി
ഒരു മണിക്കൂർ: സമ്പർക്കം ആവശ്യമുള്ള ചോദ്യം ഒഴിവാക്കി മറ്റുള്ള ചോദ്യങ്ങൾക്കായി മാർക്ക് വിഭജിച്ച് നൽകും.
മാത്തമാറ്റിക്സ്
ഒന്നര മണിക്കൂർ: ഒരു പ്രാക്ടിക്കൽ.
കമ്പൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
രണ്ടുമണിക്കൂർ: രണ്ടു ചോദ്യങ്ങളിൽ ഒരെണ്ണം ചെയ്താൽ മതി.
കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്/ ഇലക്ട്രോണിക്സ്
ഒന്നര മണിക്കൂർ.
ഇലക്ട്രോണിക് സിസ്റ്റംസ്/ ഇലക്ട്രോണിക് സർവീസ് ടെക്നോളജി
രണ്ടു മണിക്കൂർ.
കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി
രണ്ടു മണിക്കൂർ.
സ്റ്റാറ്റിറ്റിക്സ്
രണ്ടു മണിക്കൂർ: രണ്ടുചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതിയാൽ മതി.
സൈക്കോളജി
അവരവരുടെ സൈക്കോളജിക്കൽ ക്യാരക്ടറസ്റ്റിക്സ് അനലൈസ് ചെയ്യണം.
ഗാന്ധിയൻ സ്റ്റഡീസ്
ഒന്നര മണിക്കൂർ: ക്രാഫ്റ്റ്മേക്കിംഗും, ഡെമോൺസ്ട്രേഷനും ഒന്നായി ചെയ്യാം.
ജിയോളജി
ഒന്നര മണിക്കൂർ: സ്പെസിമെൻ സ്റ്റോണുകൾ സ്പർശിക്കാതെ തിരിച്ചറിയണം.
സോഷ്യൽവർക്ക്/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/ മ്യൂസിക്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പതിവുരീതിയിൽ.
ജേർണലിസം
കാമറ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കി.