kk

 സ്ലീപ്പർ സെല്ലുകൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോ‌ക്‌നാഥ് ബെഹ്റയുടെ അതീവഗൗരവമുള്ള വെളിപ്പെടുത്തൽ. ആക്രമണ നിർദ്ദേശം ലഭിക്കുന്നതുവരെ നിഷ്‌ക്രിയരായിരിക്കുന്ന ഐസിസിന്റെ സ്ലീപ്പർ സെല്ലുകൾ നിരീക്ഷണത്തിലാണെന്നും ഇവരെ പിന്തിരിപ്പിക്കാനായില്ലെങ്കിൽ നിർവീര്യമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തിലും ഐസിസ് വലവിരിച്ചതായി 2015 ആഗസ്റ്റ് രണ്ടിന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ഡി.ജി.പിയുടെ വെളിപ്പെടുത്തൽ. കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരസംഘം സജീവമാണെന്ന് കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.

ഡോക്ടർമാരും എൻജിനിയർമാരും ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കളെ വശത്താക്കാനാണ് ഐസിസ് ശ്രമിക്കുന്നത്.

ഭീകരരെ ഇല്ലാതാക്കാൻ പൊലീസിന് ശേഷിയുണ്ട്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുമായി ചേർന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് സ്ലീപ്പർ സെല്ലുകൾ കണ്ടെത്തും. ഐസിസ് അനുഭാവമുള്ളവരെ തിരിച്ചറിഞ്ഞ് കൗൺസലിംഗ് നൽകുന്നുണ്ടെന്നും ബെഹ്റ പറഞ്ഞു. ഐസിസ് റിക്രൂട്ട്മെന്റിനു ശ്രമിച്ച കൊല്ലത്തെ ഡോക്ടർ ഉൾപ്പെടെ മൂന്നു പേരെ കഴിഞ്ഞ മാർച്ചിൽ എൻ.ഐ.എ പിടികൂടിയിരുന്നു.

ഓപ്പറേഷൻ ചക്രവ്യൂഹ

 ടെലിഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഐസിസ് റിക്രൂട്ട്മെന്റ്

 യു.എസ് സഹായത്തോടെ, ഒരു ലക്ഷത്തിലേറെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നു

 ഐ.ബി, എൻ.ഐ.എ എന്നിവയുടെ 'ഓപ്പറേഷൻ ചക്രവ്യൂഹ' സോഫ്റ്റ്‌വെയർ പൊലീസിനും നൽകിയിട്ടുണ്ട്

 സമൂഹ മാദ്ധ്യമങ്ങളിലെ ഡേറ്റ വിശകലനം ചെയ്ത് ഐസിസ് സാന്നിദ്ധ്യം കണ്ടെത്തുന്ന സോഫ്റ്റ്‌വെയറാണ് ഇത്

സന്ദേശങ്ങൾ ഡീ കോഡ് ചെയ്യാനും ഉറവിടം കണ്ടെത്താനും കഴിയും

 ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഈ അക്കൗണ്ടുകളിൽ 'പ്രച്ഛന്നവേഷത്തിൽ' കയറിക്കൂടി വിവരങ്ങൾ ചോർത്തും

 സംശയകരമായ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാം. റിക്രൂട്ട്മെന്റ് നീക്കങ്ങൾ തടയാം

സ്ഥിതി ഗുരുതരം

 റിക്രൂട്ട് ചെയ്യുന്നവരെ ജമ്മു കാശ്‌മീരിലേക്ക് മതപരമായ കുടിയേറ്റം നടത്താൻ പദ്ധതിയെന്ന് എൻ.ഐ.എ

കണ്ണൂർ, കാസർകോട് ജില്ലകളിലെ അമ്പതോളം പേരുൾപ്പെടെ നൂറിലേറെ മലയാളികൾ ഐസിസിൽ

 അഫ്ഗാനിസ്ഥാനിലെ ഐസിസ് പോരാളികളായ മലയാളികൾ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

എറണാകുളത്ത് മൂന്ന് അൽ-ക്വ-ഇദക്കാരും തിരുവനന്തപുരത്ത് രണ്ട് ഇന്ത്യൻ മുജാഹിദ്ദീൻ, ലഷ്കർ ഭീകരരും അറസ്റ്റിലായി