നെടുമങ്ങാട്: ട്രഷറികളിൽ മുദ്രപ്പത്രത്തിന് ക്ഷാമം നേരിടുന്നതായി പരാതി. ഇതോടെ നെടുമങ്ങാട് താലൂക്കിൽ ആധാരമെഴുത്തുൾപ്പടെയുള്ള രജിസ്ട്രേഷൻ നടപടികൾ തകിടം മറിഞ്ഞു. 1000, 100 രൂപ പത്രങ്ങൾ കണി കാണാനില്ലാത്ത അവസ്ഥയാണെന്ന് ട്രഷറി ഉദ്യോഗസ്ഥരും ആധാരമെഴുത്തുകാരും പറയുന്നു. ലോക്ക് ഡൗണിൽ ദുരിതത്തിലായ ആധാരമെഴുത്ത് ജീവനക്കാർക്ക് ഇരുട്ടടിയാണ് മുദ്രപ്പത്ര ക്ഷാമം. കരാർ നടപടി ക്രമങ്ങൾ യഥാസമയം രജിസ്റ്റർ ചെയ്യാൻ വഴിയില്ലാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ പ്രവർത്തനങ്ങളും അവതാളത്തിലായി. നെടുമങ്ങാട്, വിതുര ട്രഷറികളിൽ മുദ്രപ്പത്രം ലഭിക്കാതെ ദിവസവും പ്രതിഷേധവുമായി മടങ്ങുന്നത് നിരവധി പേരാണ്. നാസികിലെ പ്രസിൽ പ്രിന്റ് ചെയ്യുന്ന പത്രങ്ങൾ ലോഡ് ചെയ്യുന്നതിലുണ്ടായ തടസമാണ് ക്ഷാമത്തിന് ഇടയാക്കിയതെന്നും വിഷയം വകുപ്പധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും നെടുമങ്ങാട് ട്രഷറി വൃത്തങ്ങൾ സൂചിപ്പിച്ചു.