ration-card-

തിരുവനന്തപുരം: പാവങ്ങൾക്കുള്ള റേഷൻ കാർഡുകൾ (മ‌ഞ്ഞ, പിങ്ക്) കൈവശം വച്ചിരിക്കുന്ന അനർഹരെ കണ്ടെത്താൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഇന്നു മുതൽ നേരിട്ടുള്ള പരിശോധനയ്ക്ക് ഇറങ്ങും. ഓരോ റേഷൻ കടയിലുമെത്തി കാർഡുകളിലെ വിവരങ്ങൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ ഇത്തരം കാർഡുള്ളവരുടെ വീടുകളിലും എത്തി വിവരങ്ങൾ ആരായും.

അർഹതയില്ലാതെ മുൻഗണനാ കാർഡുകൾ​ സ്വന്തമാക്കി ആനുകൂല്യം പറ്റുന്നവർ അത് തിരിച്ചു നൽകണമെന്ന് ഒരു മാസം മുമ്പ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അഭ്യർത്ഥിച്ചിരുന്നു. അത് മാനിച്ച് 26,000 പേർ കാർഡുകൾ തിരിച്ചു നൽകിയിരുന്നു.ഇനിയും തിരിച്ചു നൽകാത്തവരെ കണ്ടെത്താനാണ് ഉദ്യോഗസ്ഥർ നേരിട്ട് എത്തുന്നത്.

അഞ്ചു വർഷം മുമ്പ് പുതിയ റേഷൻ കാർ‌‌‌ഡുകൾ അനുവദിച്ചപ്പോൾ വേണ്ടത്ര പരിശോധന നടത്താതെയാണ് നൽകിയത്.

മുൻഗണനയ്ക്ക് അർഹത ഇല്ലാത്തവർ

 സർക്കാർ/അർദ്ധസർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപന ജീവനക്കാർ, സഹ. സ്ഥാപന ജീവനക്കാർ, സർവീസ് പെൻഷണർ, ആദായ നികുതി ദായകർ

 വിദേശത്ത് പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനം ലഭിക്കുന്നവർ. കുടുംബത്തിൽ ആർക്കെങ്കിലും പ്രതിമാസം 25000 രൂപയിൽ അധികം വരുമാനമുള്ളവർ.

 സ്വന്തമായി ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ (പട്ടികവർഗക്കാർ ഒഴികെ)

 സ്വന്തമായി 1000 ചതുരശ്രയടി വിസ്തൃതിയുള്ള വീടോ ഫ്‌ളാറ്റോ ഉള്ളവർ

 നാലു ചക്രവാഹനം സ്വന്തമായുള്ളവർ (ഉപജീവന മാർഗമായ ടാക്‌സി ഒഴികെ)

 നടപടിയിൽ ആശങ്ക

കൊവിഡ് കാലമായതോടെ സാമ്പത്തിക ശേഷിയുണ്ടായിരുന്നവരുടെയും വരുമാന മാർഗം നിലച്ചിരിക്കുകയാണ്. അതിനാൽ ഇപ്പോഴത്തെ പരിശോധന വിപരീതഫലമുണ്ടാക്കുമെന്ന് റേഷൻ വ്യാപാരികളും മറ്റും ചൂണ്ടിക്കാട്ടുന്നു. കൂട്ടുകുടുംബമായി കഴിയുന്നവർ പലപ്പോഴും ഇരുനില വീടുകളിലാണ് കഴിയുക. രോഗികളുള്ള വീടുകളിൽ ഒരു സെക്കൻഡ് ഹാൻഡ് കാറെങ്കിലും ഉണ്ടാകും. ഇതൊന്നും പരിഗണിക്കാതെ മുൻഗണനാ കാർഡ് റദ്ദാക്കി പിഴ ചുമത്തിയാൽ നീതി കേടാകുമെന്നാണ് വാദം.

'ഏതെങ്കിലും ഒന്നോ രണ്ടോ നിബന്ധനയുടെ പേരിൽ നടപടി എടുക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വീടിന് വിസ്തൃതി ആയിരം ചതുരശ്ര അടിയിൽ കൂടുതലുണ്ടെന്ന കാരണത്താലൊന്നും നടപടി ഉണ്ടാകില്ല. സർക്കാർ, പൊതുമേഖലാ ജീവനക്കാരെ ഉറപ്പായും ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്".

- ജി.ആർ. അനിൽ, ഭക്ഷ്യവകുപ്പ് മന്ത്രി